തെഹ്റാനിൽ മൊസാദ് ഏജന്റ് അറസ്റ്റിൽ; പിടികൂടിയത് സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പ​ങ്കെടുക്കവെ

തെഹ്റാൻ: തെഹ്‌റാനിലെ കലാപകാരികൾക്കിടയിൽ രഹസ്യമായി പ്രവർത്തിക്കുന്നതിനിടെ  മൊസാദ് അംഗത്തെ ഇറാനിയൻ അധികൃതർ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.  പ്രതിഷേധങ്ങൾക്കിടയിൽ നുഴഞ്ഞുകയറി അക്രമങ്ങൾക്കും അസ്വസ്ഥതകൾക്കും പ്രേരിപ്പിച്ചു എന്നാരോപിച്ചാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് പരിശീലനം നേടിയതായും റിക്രൂട്ട് ചെയ്തതായും അവരുമായി ആശയവിനിമയം തുടർന്നതായും മൊസാദിന്റെ ചാരൻ സമ്മതിച്ചതായി ഇറാൻ പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊസാദിന്റെ ​തലപ്പത്തുള്ളവർ ആളുകളുടെ വീടുകളിലേക്ക് പോകാൻ നിർദേശിച്ചതായും പിന്നീട് തന്റെ പ്രവർത്തനങ്ങൾ പ്രാദേശിക മേഖലയിലേക്ക് മാറ്റാൻ നിർദേശിച്ചതായും ഇയാൾ സമ്മതിച്ചതായി പറയുന്നു.

അധികൃതർ പങ്കിട്ട വിഡിയോ ദൃശ്യങ്ങളിൽ, കൈകൾ ബന്ധിച്ചിരിക്കുന്ന ചാരൻ ഒരു ഗാർഡ് മാത്രമുള്ള മുറിയിൽ അധികാരികളുമായി സംസാരിക്കുന്നതും അയാളുടെ മുന്നിലുള്ള മേശക്കു കുറുകെ ആയുധങ്ങളും വെടിക്കോപ്പുകളും നിരത്തി വച്ചിരിക്കുന്നതും കാണിക്കുന്നു.  പ്രതിഷേധങ്ങളെ അക്രമാസക്തമാക്കാനും പൊതുമുതൽ നശിപ്പിക്കാനും മൊസാദ് ഏജന്റുമാർ ശ്രമിക്കുന്നതായി ഇറാൻ ഭരണകൂടം നേരത്തെയും ആരോപിച്ചിരുന്നു. 

ഇറാനിലെ ഭരണകൂടത്തിനെതിരെയുള്ള സൈബർ ആക്രമണത്തെ തുടർന്ന് പലയിടങ്ങളിലും ഇന്റർനെറ്റ് തടസ്സപ്പെട്ടതായും റിപ്പോർട്ടുണ്ട്. ‘ലോകമെമ്പാടുമുള്ള 120,000ത്തിലധികം ഉറവിടങ്ങളിൽ നിന്നുള്ള സൈബർ ആക്രമണത്തിന് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ഭരണകൂടം ഇരയായതായും എന്നാൽ, സൈബർ ആക്രമണം പൂർണ്ണമായും തടഞ്ഞുവെന്നും ഇറാന്റെ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി മന്ത്രി സത്താർ ഹാഷെമി അവകാശപ്പെട്ടു.

എന്നിരുന്നാലും, രാജ്യത്തിന്റെ ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ 10 ദശലക്ഷത്തിലധികം പൗരന്മാരുടെ ജീവിതത്തെയും ഉപജീവനമാർഗ്ഗത്തെയും നേരിട്ടോ അല്ലാതെയോ ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ആവശ്യങ്ങളും പ്രതിഷേധങ്ങളുമുണ്ട്. അതേസമയം, ഇന്റർനെറ്റ് തടസ്സപ്പെടുകയോ വിച്ഛേദിക്കപ്പെടുകയോ ചെയ്താൽ ബിസിനസുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങളെക്കുറിച്ച് ഗുരുതരമായ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Iran arrests Mossad agent in Tehran while participating in anti-government protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.