തെഹ്‌റാൻ: ഹുർമുസ് കടലിടുക്കിൽ സംഘർഷം മൂർച്ഛിക്കുന്നതിനിടെ അമേരിക്കക്കെതിരെ കടുത്ത ആരോപണങ്ങളുമായി ഇറാൻ ഐക്യരാഷ്ട്രസഭയിൽ. ഇറാനിയൻ കപ്പലുകൾ അമേരിക്ക നിയമവിരുദ്ധമായി പിടിച്ചെടുക്കുന്നത് കടൽക്കൊള്ളയാണെന്ന് ആരോപിച്ച് ഇറാൻ യു.എന്നിന് ഔദ്യോഗിക പരാതി നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനും രക്ഷാസമിതി അംഗങ്ങൾക്കുമാണ് ഇറാന്റെ യു.എൻ പ്രതിനിധി അമീർ സയീദ് ഇറവാനി കത്തയച്ചത്.
അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശം അവസാനിക്കാതെ ഹുർമുസ് കടലിടുക്ക് തുറന്നുകൊടുക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.
ഇസ്രായേലും അമേരിക്കയും ആക്രമണങ്ങൾ അവസാനിപ്പിച്ചാൽ മാത്രമേ ഹുർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സഞ്ചാരം പുനരാരംഭിക്കുന്നത് പരിഗണിക്കൂ എന്ന് ഇറാൻ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ റെസ തലായ് നിക് പറഞ്ഞു. ഇറാന്റെ സുരക്ഷയെ ബാധിക്കാത്ത പ്രോട്ടോക്കോളുകൾ പാലിച്ചാൽ മാത്രമേ ഇതിന് അനുമതി നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമേരിക്കയുമായി വെടിനിർത്തൽ നിലവിലുണ്ടെങ്കിലും പശ്ചിമേഷ്യയിലെ സാഹചര്യം ഇപ്പോഴും 'യുദ്ധാവസ്ഥ'യിൽ തന്നെ തുടരുകയാണെന്ന് ഇറാനിയൻ സൈന്യം മുന്നറിയിപ്പ് നൽകി. യു.എസ് നാവികസേന ഉപരോധം ഏർപ്പെടുത്തിയ ഹുർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം തങ്ങൾക്കാണെന്നും സൈന്യം അവകാശപ്പെട്ടു.
ശക്തമായ തിരിച്ചടിക്കായി ഇറാൻ സൈന്യത്തിന്റെ തയ്യാറെടുപ്പുകൾ തുടരുകയാണെന്നും മിസൈലുകളും മറ്റ് യുദ്ധോപകരണങ്ങളും ലക്ഷ്യസ്ഥാനങ്ങളും അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഇറാൻ സൈനിക വക്താവ് അമീർ അക്രമിനിയ പറഞ്ഞു. ഏത് നിമിഷവും തിരിച്ചടി നൽകാൻ രാജ്യം സജ്ജമാണെന്നാണ് ഇതിലൂടെ ഇറാൻ നൽകുന്ന സൂചന.
അമേരിക്ക ഇറാനിയൻ കപ്പലുകൾ പിടിച്ചെടുത്ത നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഇറാന്റെ വാദം. കടൽമാർഗ്ഗമുള്ള വ്യാപാരം സ്തംഭിച്ചതോടെ ആഗോള എണ്ണ വിപണിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.