ഗസ്സ സിറ്റി: ഗസ്സയെ വിഭജിച്ച് അവിടെ ദീർഘകാലത്തേക്ക് ഇസ്രായേലി അന്താരാഷ്ട്ര സൈനിക നിയന്ത്രണത്തിലുള്ള ഒരു ‘ഗ്രീൻ സോൺ’ നിർമിക്കാനുള്ള വൻ സൈനിക പദ്ധതിയുമായി യു.എസ്. പുനഃർനിർമാണം ആരംഭിക്കുന്നുവെന്ന പേരിലാണ് അന്താരാഷ്ട്ര സൈന്യത്തെ ഈ മണ്ണിലേക്ക് കൊണ്ടുവരുന്നത്. സൈനികർക്കുള്ള ‘ഗ്രീൻസോണി’നൊപ്പം ഗസ്സക്കാർക്കു മാത്രമായി ഒരു ‘റെഡ് സോൺ’ അവശേഷിപ്പിക്കാനും കൂടിയാണ് ഈ പദ്ധതി. ഗസ്സയിലെ തുടർച്ചയായ ഇസ്രായേൽ അധിനിവേശത്തിന് അന്തർദേശീയ സുരക്ഷാ സേന (ഐ.എസ്.എഫ്) പിന്തുണ നൽകുന്നുവെന്ന ആരോപണം ശക്തിപ്പെടുത്തുന്ന നീക്കമാണിത്.
യു.എസ് സൈനിക ആസൂത്രണ രേഖകളും അമേരിക്കൻ പദ്ധതികളെക്കുറിച്ച് വിശദീകരിക്കുന്ന ഉറവിടങ്ങളെയും ഉദ്ദരിച്ച് ഗാർഡിയൻ ആണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. നേരത്തെ ഡോണൾഡ് ട്രംപ് വാഗ്ദാനം ചെയ്ത, ഗസ്സയിലുടനീളം ഫലസ്തീൻ ഭരണവുമായി ചേർന്നുകൊണ്ടുള്ള രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള പ്രതിബദ്ധതയെക്കുറിച്ച് പുതിയ സൈനിക പദ്ധതി ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ഭാവി പദ്ധതികൾ അമ്പരപ്പിക്കുന്ന വേഗതയിൽ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാസം ആദ്യം, യു.എസ് മിലിട്ടറി നൂറുകണക്കിന് ബ്രിട്ടീഷ്, ഫ്രഞ്ച്, ജർമൻ സൈനികർ ഉൾപ്പെടെയുള്ള യൂറോപ്യൻ സേനകളെ ഐ.എസ്.എഫിന്റെ കേന്ദ്രബിന്ദുവായി ഉൾപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കിയതായി രേഖകൾ വ്യക്തമാക്കുന്നതായി ഗാർഡിയൻ പറയുന്നു.
ബോംബ് നിർവീര്യമാക്കൽ, സൈനിക വൈദ്യശാസ്ത്രം എന്നിവയിൽ വൈദഗ്ധ്യമുള്ള യു.കെയിൽ നിന്നുള്ള 1,500 വരെ കാലാൾപ്പട സൈനികരും റോഡ് ക്ലിയറൻസും സുരക്ഷയും കൈകാര്യം ചെയ്യാൻ 1,000 വരെ ഫ്രഞ്ച് സൈനികരും ഇതിൽ ഉൾപ്പെടുന്നു. ജർമനി, നെതർലാൻഡ്‌സ്, നോർഡിക് രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ഫീൽഡ് ആശുപത്രികൾ, ലോജിസ്റ്റിക്സ്, ഇന്റലിജൻസ് എന്നിവ കൈകാര്യം ചെയ്യുമെന്നും പറയുന്നു.
ഐ.എസ്.എഫിനായുള്ള യു.എസ് ‘ഓപ്പറേഷൻ’ വ്യക്തമാക്കുന്നത് സൈനികർ ‘ഗ്രീൻ സോണിൽ’ മാത്രം സേവനം നൽകുമെന്നാണ്. നൂറുകണക്കിന് സൈനികരെ ഒരു പരിമിത പ്രദേശത്ത് വിന്യാസം നടത്താനും പിന്നീട് പതുക്കെ 20,000 പേരുടെ പൂർണ ശക്തിയിലേക്ക് പ്രദേശം മുഴുവൻ വ്യാപിപ്പിക്കാനുമാണ് യു.എസ് വിഭാവനം ചെയ്യുന്നത്. ഹമാസ് നിയന്ത്രണം പുനഃസ്ഥാപിക്കുന്ന ‘യെല്ലോ ലൈനിന്റെ’ പടിഞ്ഞാറൻ ഭാഗത്ത് ഇത് പ്രവർത്തിക്കില്ലെന്നും യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, നിയന്ത്രണ രേഖയിൽ നിലയുറപ്പിച്ചിരിക്കുന്ന ഇസ്രായേലി സേനകളുമായി സംയോജിപ്പിച്ച് വിദേശ സൈനികർ അവിടെയുള്ള ക്രോസിങ്ങുകൾ നിയന്ത്രിക്കും.
ലോകത്തിലെ ഏറ്റവും സങ്കീർണ്ണവും പരിഹരിക്കാനാകാത്തതുമായ വംശീയാതിക്രമങ്ങളിൽ ഒന്ന് ലഘൂകരിക്കുന്നതിനും 20 ലക്ഷം ഫലസ്തീനികൾക്കുള്ള ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നതിനുമുള്ള സമീപനത്തിൽ ഈ സൈനിക സാന്നിധ്യം വലിയ വെല്ലുവിളിയുയർത്തുമെന്നാണ് നിരീക്ഷകർ പറയുന്നത്.
‘ബദൽ സംരക്ഷിത സമൂഹങ്ങൾ’ (എ.എസ്.സി)എന്ന പേരിൽ ഫലസ്തീനികളുടെ ചെറിയ ഗ്രൂപ്പുകൾക്കായി വേലികെട്ടിയ ക്യാമ്പുകളുടെ രൂപത്തിൽ പുനഃർനിർമ്മാണത്തിന് യു.എസ് പ്രോത്സാഹനം നൽകിയിരുന്നു. എന്നാൽ, ആ പദ്ധതികൾ ഈ ആഴ്ച ആദ്യത്തിൽ ഉപേക്ഷിച്ചുവെന്ന് യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതികളുടെ മാറ്റത്തെക്കുറിച്ച് തങ്ങൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് എ.എസ്.സി മാതൃകയെക്കുറിച്ച് ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ച മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു.
ഒരു അന്താരാഷ്ട്ര സമാധാന സേനക്കായി പ്രായോഗികമായ ഒരു പദ്ധതിയും ഇസ്രായേൽ സൈനികരുടെ പിൻവലിക്കലും വലിയ തോതിലുള്ള പുനഃർനിർമാണവും ഇല്ലാതെ രണ്ട് വർഷത്തെ വിനാശകരമായ യുദ്ധത്തിനുശേഷം ഗസ്സ അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴാനുള്ള സാധ്യതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
യുഎൻ ഡാറ്റ പ്രകാരം,മിക്കവാറും എല്ലാ സ്കൂളുകളും ആശുപത്രികളും ഉൾപ്പെടെ ഗസ്സയിലെ 80ശതമാനത്തിലധികം കെട്ടിടങ്ങളും യുദ്ധത്തിൽ തകർന്നതോ നശിപ്പിക്കപ്പെട്ടതോ ആണ്. വെടിനിർത്തൽ ആരംഭിച്ച് ഒരു മാസത്തിലേറെയായിട്ടും ഇസ്രായേൽഗസ്സയിലേക്കുള്ള സഹായ കയറ്റുമതി പരിമിതപ്പെടുത്തുന്നത് തുടരുകയാണ്. ടെന്റ്, തൂണുകൾ പോലുള്ള അടിസ്ഥാന വസ്തുക്കൾ ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് തടസ്സപ്പെടുത്തുന്നു.
ഏകദേശം 15 ലക്ഷം ഫലസ്തീനികൾ അടിയന്തര ഷെൽട്ടർ ഇനങ്ങൾക്കായി കാത്തിരിക്കുകയാണ്. കൂടാതെ ലക്ഷക്കണക്കിന് പേർ ശുദ്ധജലം പോലുള്ള അടിസ്ഥാന സേവനങ്ങൾ ലഭ്യമല്ലാത്ത ടെന്റുകളിലാണ് കഴിയുന്നത്. ഏകദേശം മുഴുവൻ ജനങ്ങളും റെഡ് സോണിലാണ്. ഗസ്സയുടെ ഉപരിതല വിസ്തൃതിയുടെ പകുതിയിൽ താഴെ മാത്രം വരുന്ന തീരപ്രദേശത്തുള്ള ഒരു സ്ട്രിപ്പിലാണ് ഇത്രയും പേർ ശ്വാസം മുട്ടി ജീവിതം തള്ളിനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.