പ്രവാചകന്‍റെ വിവാദ കാർട്ടൂണിനുള്ള പാശ്ചാത്യ പിന്തുണ അധാർമ്മികം -ഹസൻ റൂഹാനി

തെഹ്റാൻ: മുസ്​ലിംകളോടുള്ള ഫ്രാൻസി​ന്‍റെയും പാശ്ചാത്യ ലോകത്തിന്‍റെയും പുതിയ സമീപനത്തി​ൽ അതിശക്തമായി അപലപിച്ച് ഇറാൻ. മുഹമ്മദ് നബിയെ ചിത്രീകരിക്കുന്ന കാർട്ടൂണുകൾക്കുള്ള പാശ്ചാത്യ പിന്തുണ അധാർമികവും മുസ്‌ലിംകളെ അപമാനിക്കുന്നതുമാണെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനി പറഞ്ഞു.

സ്വാതന്ത്ര്യത്തോടൊപ്പം മൂല്യങ്ങളോടുള്ള ആദരവും ധാർമിക പരിഗണനയും ഉണ്ടായിരിക്കണം. ഇസ്‌ലാമിന്‍റെ മഹാനായ പ്രവാചകനെ എല്ലാ മുസ്‌ലിംകളും ലോകത്തിലെ സ്വാതന്ത്ര്യ പ്രേമികളും സ്നേഹിക്കുന്നുണ്ടെന്ന് പാശ്ചാത്യർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാചകനെ അപമാനിക്കുന്നത് എല്ലാ മുസ്‌ലിംകളെയും അപമാനിക്കുന്നതാണ്. എല്ലാ പ്രവാചകന്മാരെയും മനുഷ്യ മൂല്യങ്ങളെയും അപമാനിക്കുകയും ധാർമികതയെ ദുർബലപ്പെടുത്തുകയുമാണ്, പ്രവാചകനെ അപമാനിക്കുന്നതിലൂടെ ചെയ്യുന്നതെന്നും റൂഹാനി ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽ മാത്രമല്ല ലോക വ്യാപകമായി വന്‍ പ്രതിസന്ധി നേരിടുന്ന മതമാണ് ഇസ്‍ലാമെന്ന് ഫ്രഞ്ച്​ പ്രസിഡന്‍റ്​ ഇമാനുവൽ മാക്രോണ്‍ അടുത്തിടെ നടത്തിയ പ്രസ്​താവന വിവാദമായിരുന്നു. ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസിൽ കൊണ്ടുവന്ന ചരിത്ര അധ്യാപകൻ കൊല്ലപ്പെട്ട സംഭവത്തിന്​ പിന്നാലെയാണ്​ വിവാദങ്ങൾ കൂടുതൽ കത്തിപ്പടർന്നത്​.

ഫ്രാൻസിൽ ഇപ്പോൾ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫിസുകളിലും ഹിജാബ്​ നിരോധമുണ്ട്​. മാക്രോണി​ന്‍റെ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. പള്ളികളുടെ വിദേശ ധനസഹായത്തിന്മേൽ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താനും മാക്രോണ്‍ തീരുമാനിച്ചിരുന്നു.

മുസ്​ലിംകളോടുള്ള ഫ്രാൻസി​ന്‍റെ പുതിയ സമീപനത്തി​ന്‍റെ പേരിൽ അറബ്​ ലോകത്ത്​ പ്രതിഷേധം ശക്​തമായിരിക്കുകയാണ്​. മുസ്​ലിംകളോടും ഇസ്​ലാമിനും നേരെയുള്ള മാക്രോണി​ന്‍റെ സമീപനം മുൻനിർത്തി അദ്ദേഹത്തി​ന്‍റെ മനോനില പരിശോധിക്കുകയും ചികിത്സിക്കുകയും വേണമെന്ന്​ തുർക്കി പ്രസിഡന്‍റ്​ റജബ്​ ത്വയ്യിബ്​ ഉറുദുഗാൻ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തുർക്കിയുടെ പ്രസ്​താവന അംഗീകരിക്കാനാവില്ലെന്ന് പ്രതികരിച്ച ഫ്രാൻസ്​, തങ്ങളുടെ സ്​ഥാനപതിയെ തിരികെ വിളിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.