യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ ഇന്ത്യൻ വിദ്യാർഥി മജോതി മുഹമ്മദ് ഹുസൈൻ
ന്യൂഡൽഹി: ഉന്നത പഠനത്തിനായി റഷ്യയിൽ എത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ വിദ്യാർഥികളെ യുക്രെയ്നെതിരായ യുദ്ധത്തിൽ കൂലിപ്പട്ടാളക്കാരായി ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് യുക്രെയ്ൻ സൈന്യം.
യുദ്ധ മേഖലയിൽ നിർബന്ധിത സേവനത്തിനായി നിയോഗിക്കപ്പെട്ട ശേഷം, ഓടി രക്ഷപ്പെട്ട് യുക്രെയ്ൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങിയ ഗുജറാത്ത് സ്വദേശി മജോതി മുഹമ്മദ് ഹുസൈന്റെ വീഡിയോ യുക്രെയ്ൻ സൈന്യവും വിദേശകാര്യ മന്ത്രാലയ വക്താവും പങ്കുവെച്ചു. ചൊവ്വാഴ്ച രാത്രിയിൽ പുറത്തു വന്ന വീഡിയോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, യുക്രെയ്ൻ അധികൃതരിൽ നിന്നും ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് കിയവിലെ ഇന്ത്യൻ എംബസി അറിയിച്ചു.
റഷ്യയിൽ ഉന്നത പഠനത്തിനായി എത്തിയതായിരുന്നു ഗുജറാത്ത് സ്വദേശിയായ 22കാരൻ ഹുസൈനെന്ന് കിയവിലെ ഇൻഡിപെൻഡന്റ് പത്രം റിപ്പോർട്ട് ചെയ്തു. ലഹരിക്കേസിൽ കുടുങ്ങി ജയിലായ ശേഷം, സൈന്യത്തിൽ ചേർന്നാൽ വിട്ടയക്കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു കൂലിപ്പട്ടാളക്കാരനാക്കിയതെന്ന് ഹുസൈൻ വീഡിയോയിൽ വിവരിച്ചു.
സൈന്യത്തിലെത്തിയതും രക്ഷപ്പെട്ടതും സംബന്ധിച്ച് യുക്രെയ്ൻ സൈന്യം പുറത്തുവിട്ട വീഡിയോയിൽ ഹുസൈൻ വിവരിക്കുന്നത് ഇങ്ങനെ...
‘സ്റ്റുഡന്റ് വിസയിലായിരുന്നു റഷ്യയിലെത്തിയത്. ലഹരി കേസിൽ കുടുങ്ങിയതോടെ ജയിലിൽ അടച്ചു. ഏഴു വർഷത്തെ തടവായിരുന്നു വിധിച്ചത്. ഇതിനിടയിലാണ് റഷ്യൻ സൈന്യത്തിന്റെ ഭാഗമായാൽ ജയിൽ ശിക്ഷ ഒഴിവാക്കാമെന്ന വാഗ്ദാനമെത്തുന്നത്. ജയിലിൽ കഴിയുന്നത് ഒഴിവാക്കാൻ ആഗ്രഹിച്ച ഞാൻ സ്പെഷൽ മിലിട്ടറി ഓപറേഷന്റെ ഭാഗമാവാനായി കരാറിൽ ഒപ്പുവെച്ചു. എങ്ങനെയും പുറത്തു കടക്കുകയായിരുന്നു ലക്ഷ്യം. 16 ദിവസത്തെ സൈനിക പരിശീലനവും ലഭിച്ചു. തോക്ക് പിടിച്ച് വെടിയുതിർക്കാനും ശത്രുവിനെതിരെ ഗ്രനേഡ് എറിയാനും മാത്രമായിരുന്നു പരിശീലനം.
ഇതു കഴിഞ്ഞ സെപ്റ്റംബർ 30ന് ‘ഗ്രീൻ സോൺ’ എന്ന് പറയപ്പെടുന്ന ഇടത്തേക്ക് സേവനത്തിനായി അയച്ചു. തൊട്ടടുത്ത ദിവസം തന്നെ ഫീൽഡിലേക്കിറങ്ങാൻ കമാൻഡർ നിർദേശിച്ചു. ഞങ്ങൾ മൂന്ന് പേരുണ്ടായിരുന്നു. മൂന്നര കിലോമീറ്ററോളം നടന്നു. എനിക്ക് യുദ്ധം ചെയ്യാനാവില്ലെന്ന് ഞാൻ കമാൻഡറോഡ് പറഞ്ഞു. ക്ഷീണിതനായിരുന്നു. കാലിന് മുറിവേറ്റിരുന്നു. ഹൃദയവും തകർന്ന നിലയിലായി. പക്ഷേ, കമാൻഡർക്ക് ഇഷ്ടമായില്ല. അദ്ദേഹം ക്ഷോഭിച്ചു. എന്റെ കൈയിൽ നിന്നും റേഡിയോ പിടിച്ചുവാങ്ങി അവനെ ഉപേക്ഷിക്കൂ എന്ന് പറഞ്ഞ് ചീത്തിവിളിച്ചു. ഇതെല്ലാം ഞാൻ കേൾക്കുന്നുണ്ടായിരുന്നു. അവരെന്റെ റേഡിയോ പിടിച്ചെടുത്തു. തുടർന്ന്, ഞങ്ങളുടെ ട്രൂപ്പിൽ നിന്നും ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. രണ്ട്-മൂന്ന് കിലോമീറ്റർ ഓടിയ ശേഷമാണ് നിങ്ങളുടെ (യുക്രെയ്ൻ) സൈനിക ഡഗ് ഔട്ടിലെത്തുന്നത്. എന്റെ തോക്ക് താഴെ വെച്ച് കീഴടങ്ങി...’ -ഒന്നര മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയിൽ മജോതി മുഹമ്മദ് ഹുസൈൻ വിവരിക്കുന്നു.
എനിക്ക് യുദ്ധം ചെയ്യേണ്ട.. രക്ഷപ്പെടണം. റഷ്യയിലേക്ക് മടങ്ങേണ്ട. അവിടെ മുഴുവൻ കള്ളമാണ്. ഇവിടെ ജയിലിൽ കഴിഞ്ഞാലും ഞാൻ റഷ്യയിലേക്കില്ല. സാധ്യമെങ്കിൽ എന്നെ ഇന്ത്യയിലേക്ക് മടങ്ങാൻ അനുവദിക്കണം- ഹുസൈൻ പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
സൈന്യത്തിന്റെ ഭാഗമായാൽ 1220 ഡോളർ മുതൽ 18,000 ഡോളർ വരെ പ്രതിഫലം തരുമെന്നും വാഗ്ദാനമുണ്ടായെങ്കിലും തല്ലും ചീത്തവിളിയുമല്ലാതെ ഒന്നും ലഭിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.
ഇന്ത്യക്കാരായ വിദ്യാർഥികളെയും തൊഴിൽ തേടിയെത്തുന്നവരെയും കബളിപ്പിച്ച് റഷ്യൻ സൈന്യത്തിന്റെ കൂലിപ്പട്ടാളക്കാരാക്കുന്നത് നേരത്തെ തന്നെ പുറത്തു വന്നുവെങ്കിലും ഇതാദ്യമായാണ് യുക്രെയ്ൻ സൈന്യം വീഡിയോ തെളിവുകൾ സഹിതം ലോകത്തോട് വിളിച്ചു പറയുന്നത്. ജോലി തേടിയെത്തിയതിനു പിന്നാലെ തൊഴിതട്ടിപ്പിനിരയായി റഷ്യൻ സൈന്യത്തോടൊപ്പം ചേർന്ന തൃശൂർ തൃക്കൂർ സ്വദേശി കഴിഞ്ഞ വർഷം കൊല്ലപ്പെട്ടിരുന്നു. നിരവധി മലയാളികൾ ഉൾപ്പെടെ ഇത്തരത്തിൽ റഷ്യൻ സൈന്യത്തിന്റെ കൂലിപ്പടയാളികളായി മാറിയതായും വാർത്തയുണ്ടായിരുന്നു. നിരവധി പേരെ ഇന്ത്യൻ എംബസിയും വിദേശകാര്യമന്ത്രാലയവും വഴി രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുകയും ചെയ്തു.
റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന 27 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ച് തിരിച്ചയയ്ക്കണമെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ മാസം റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
സ്റ്റുഡന്റ്സ്, ബിസിനസ് വിസകളിലായി എത്തിക്കുന്നവരെ നിർബന്ധിതമായി കൂലിപ്പട്ടാളത്തിൽ ചേർത്ത് യുക്രെയ്നെയ്തിരായ യുദ്ധമുന്നണിയിലേക്ക് അയക്കുന്നതായി ഇതിനകം നിരവധി റിപ്പോർട്ടുകളാണ് വന്നത്.
റഷ്യൻ സൈനിക യൂണിറ്റുകളിൽ പാചകക്കാർ, സഹായികൾ തുടങ്ങിയവരായി സേവനമനുഷ്ഠിക്കുന്ന എല്ലാ ഇന്ത്യക്കാരെയും മോചിപ്പിക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം റഷ്യ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ വിഷയം ഉന്നയിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 150 ഏറെ ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്.
യുക്രെയ്നെതിരായ യുദ്ധത്തിനിടെ 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു. 96 പേരെ റഷ്യ വിട്ടയച്ചപ്പോൾ, 16 പേർ കാണാതായവരുടെ പട്ടികയിലുണ്ട്.
ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞമാസം മുന്നറിയിപ്പ് ആവർത്തിച്ചിരുന്നു. റഷ്യൻ സൈന്യത്തിൽ ചേരുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും ചേർന്നാൽ അത് അപകടമുണ്ടാക്കുമെന്നും വക്താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചു.
റഷ്യൻ സൈന്യത്തിൽ ചേർന്ന ആളുകളുടെ കുടുംബാംഗങ്ങളുമായി നിരന്തരമായി ബന്ധപ്പെടുകയാണ്. റഷ്യൻ സൈന്യത്തിന്റെ ഈ ഓഫറിൽ നിന്നും വിട്ടുനിൽക്കാൻ എല്ലാവരോടും ആവശ്യപ്പെടുകയാണ്. അപകടമുണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.