ക്യൂബൻ തീരത്ത് അമേരിക്കൻ ബോട്ടിന് നേരെ വെടിവെപ്പ്; നാല് മരണം

ഹവാന:ക്യൂബൻ തീരത്തിന് സമീപം അമേരിക്കൻ രജിസ്‌ട്രേഷനുള്ള സ്പീഡ് ബോട്ടിന് നേരെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹവാനയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വില്ല ക്ലാര പ്രവിശ്യയിലെ ഫാൽക്കൺസ് കേയിൽ നിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് ഫ്ലോറിഡ രജിസ്‌ട്രേഷനുള്ള ഈ നിയമവിരുദ്ധ ബോട്ട് കണ്ടെത്തിയത്. ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത FL7726SH എന്ന നമ്പറിലുള്ള ബോട്ട് ക്യൂബൻ ജലാതിർത്തിയിൽ കണ്ടതിനെത്തുടർന്ന് ക്യൂബൻ കോസ്റ്റ് ഗാർഡ് പരിശോധനക്ക് ശ്രമിച്ചു. എന്നാൽ ബോട്ടിലുണ്ടായിരുന്നവർ ആദ്യം വെടിയുതിർത്തെന്നും, തുടർന്ന് സ്വയംരക്ഷക്കായി തിരിച്ചടിച്ചെന്നുമാണ് ക്യൂബൻ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. വെടിവെപ്പിൽ ഒരു ക്യൂബൻ കമാൻഡർക്ക് പരിക്കേറ്റു.

കോസ്റ്റ് ഗാർഡ് വെസ്സൽ ബോട്ടിനെ തിരിച്ചറിയാനായി അടുത്തേക്ക് ചെന്നപ്പോൾ ബോട്ടിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും ഇത് ക്യൂബൻ കപ്പലിന്റെ കമാൻഡർക്ക് പരിക്കേൽക്കാൻ കാരണമായെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് വിദേശ ബോട്ടിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആറ് പേരെ ഒഴിപ്പിക്കുകയും അവർക്ക് വൈദ്യസഹായം നൽകുകയും ചെയ്തിട്ടുണ്ട്. സ്വന്തം കടൽ അതിർത്തി സംരക്ഷിക്കുന്നതിൽ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൊല്ലപ്പെട്ടവരെ ആക്രമികൾ എന്ന് വിശേഷിപ്പിച്ച ക്യൂബൻ സർക്കാർ, ഇവരുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ബോട്ട് എന്തിനാണ് ക്യൂബൻ ജലപരിധിയിൽ എത്തിയത് എന്ന കാര്യത്തിലും വ്യക്തതയില്ല. കള്ളക്കടത്തോ അനധികൃത കുടിയേറ്റമോ ആകാം ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഹവാന വ്യക്തമാക്കി. ക്യൂബയുടെ വിശദീകരണം വിശ്വസനീയമല്ലെന്ന് ഫ്ലോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്ത്‌മെയർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ അദ്ദേഹം പ്രോസിക്യൂട്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. അമേരിക്കൻ ബോട്ടിലെ യാത്രക്കാർക്ക് നേരെ മാരകമായ ബലപ്രയോഗം നടത്തിയത് ഗൗരവതരമായ കാര്യമാണെന്നും ഇതിൽ ഫെഡറൽ അന്വേഷണം വേണമെന്നും യു.എസ് പ്രതിനിധി കാർലോസ് ഗിമെനെസ് ആവശ്യപ്പെട്ടു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം നടക്കുന്നത്. വെനസ്വേലയിലെ ക്യൂബൻ സഖ്യകക്ഷിയായ നിക്കളാസ് മദുറോയെ യു.എസ് പുറത്താക്കിയതിനെത്തുടർന്ന് ജനുവരിയിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ക്യൂബക്ക് മേൽ ഏർപ്പെടുത്തിയ എണ്ണ ഉപരോധത്തിൽ വാഷിങ്ടൺ നേരിയ ഇളവ് വരുത്തിയ സമയത്താണ് ഈ ഏറ്റുമുട്ടൽ. ജനുവരി 3ന് മദുറോ യു.എസ് സേനയുടെ പിടിയിലാകുന്നതിന് മുമ്പ് ക്യൂബ തങ്ങളുടെ ഇന്ധന ആവശ്യങ്ങളുടെ പകുതിയോളം വെനസ്വേലയെയായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാൽ ഇന്ധനമില്ലാതെ ക്യൂബൻ സമ്പദ്‌വ്യവസ്ഥ തകരുമെന്ന കരീബിയൻ നേതാക്കളുടെ ആശങ്ക പരിഗണിച്ച് വാണിജ്യപരവും മാനുഷികവുമായ ആവശ്യങ്ങൾക്കായി വെനസ്വേലൻ എണ്ണ എത്തിക്കാൻ വാഷിങ്ടൺ അനുമതി നൽകിയിരുന്നു.

Tags:    
News Summary - Four passengers of Florida-registered US speedboat shot dead by Cuban coast guard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.