ഹുർമുസിന് ബദൽ കണ്ടുപിടിച്ചോ‍?; ഇന്ത്യയുടെ അടക്കം നാലു കപ്പലുകൾ പുതിയപാത വഴി പുറപ്പെട്ടു!

തെഹ്റാൻ: ഇറാനിൽ യുദ്ധം ആരംഭിച്ചതോടെ അടഞ്ഞുകിടക്കുന്ന തന്ത്രപ്രധാന ഹുർമുസ് കടലിടുക്കിന് പകരമായി മറ്റൊരുപാത കണ്ടെത്തിയോ‍? ഇന്ത്യയിലേക്കുള്ള ഒരു കപ്പൽ അടക്കം നാലു കപ്പലുകൾ പുതിയ പാതയിൽ യാത്ര ആരംഭിച്ചുവെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ടിൽ പറയുന്നത്.എണ്ണ, എൽ.എൻ.ജി, കാർഗോ എന്നിവ വഹിക്കുന്ന നാല് വലിയ കപ്പലുകൾ അന്താരാഷ്ട്ര ജലാശയങ്ങൾ ഒഴിവാക്കി ഒമാന്റെ സമുദ്രാതിർത്തിക്കുള്ളിലെ പുതിയ പാതയിലൂടെ കടന്നുപോയിട്ടുണ്ടെന്ന് എ.ഐ.എസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം)ന്‍റെ റിമോട്ട് സെൻസിങ് ഡാറ്റകളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഹബ്രൂട്ട്, ധാൽകുട്ട് എന്നീ രണ്ട് വലിയ എണ്ണ കപ്പലുകളും പനാമയുടെ പതാകയുള്ള സോഹാർ എൽ.എൻ.ജി കപ്പലും റാസൽ ഖൈമയ്ക്ക് സമീപം ഒമാന്റെ അതിർത്തിയിലെ ജലാശയത്തിൽ പ്രവേശിച്ചതായും മുസന്ദം പെനിൻസുലയ്ക്ക് സമീപം അവയുടെ പൊസിഷൻ-എമിറ്റിങ് സിഗ്നൽ ട്രാൻസ്‌പോണ്ടറുകൾ ഓഫ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മൂന്നിന്, മസ്കറ്റ് തീരത്ത് നിന്ന് 350 കിലോമീറ്റർ അകലെയാണ് ഇവയെ കണ്ടെത്തിയതെന്നും റിപ്പോട്ടിലുണ്ട്. പുതിയ പാതയിലൂടെയാണ് കപ്പലുകൾ സഞ്ചരിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

സമുദ്ര വിശകലന സ്ഥാപനമായ ടാങ്കർട്രാക്കേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ധൽകുട്ടിലും ഹബ്രൂട്ടിലും യഥാക്രമം 20 ലക്ഷം ബാരൽ സൗദി- യു.എ.ഇ ക്രൂഡ് ഓയിൽ നിറച്ചിരുന്നു. മാർച്ച് 21ന് യു.എ.ഇയിലെ അൽ ഹംരിയ തുറമുഖത്ത് നിന്ന് സോഹാർ പുറപ്പെട്ടുവെന്നുമാണ് വിവരം. മൂന്ന് കപ്പലുകൾക്ക് പിന്നാലെ ഇന്ത്യൻ പതാകയേന്തിയ ഒരു കാർഗോ കപ്പൽ ഉണ്ടായിരുന്നു. മാർച്ച് 31ന് ദുബായിൽ നിന്ന് യാത്ര ആരംഭിച്ച ഇത് ഒമാനിലെ ദിബ്ബ തുറമുഖത്ത് നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള തുറന്ന കടലിലാണ് സ്ഥാനം കാണിക്കുന്നത്. കപ്പൽ ചരക്ക് കയറ്റിയതാണോ അതോ എവിടേക്കാണ് പോകുന്നതെന്നോ വ്യക്തമല്ല.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രായേലും സംയുക്തമായി വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ലോകത്തെ ഇന്ധന വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും നടക്കുന്ന ഹുർമുസ് കടലിടുക്ക് അടച്ചത്. ഉപരോധം മൂലം ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലേക്കുള്ള ഊർജ വിതരണം തടസ്സപ്പെട്ടു.

യുദ്ധത്തെ തുടർന്ന് ഹുർമുസ് അടച്ചതും അതിനുപിന്നാലെ അനുഭവപ്പെട്ട ഇന്ധന പ്രതിസന്ധിയും ട്രംപ് ഭരണകൂടത്തിന് തല വേദനയായിരിക്കുകയാണ്. തുടർന്ന് ഹുർമുസ് ബലപ്രയോഗത്തിലൂടെ തുറക്കാൻ യു.എസ് നാറ്റോസഖ്യത്തിന്‍റെ പിന്തുണ തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. 

Tags:    
News Summary - ndian Vessel, 3 Others Cross Strait Of Hormuz Via 'New Shipping Route'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.