സിയാറ്റിൽ: ഗസ്സ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധക്കൊടുങ്കാറ്റുയർത്തി ഇന്ത്യക്കാരിയായ എൻജിനീയർ വാനിയ അഗർവാൾ. മേയ് 19ന് യു.എസ് നഗരമായ സിയാറ്റിലിൽ ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ‘ബിൽഡ് 2025’ കോൺഫറൻസിൽ തുടർച്ചയായി മൂന്നുദിവസമാണ് വാനിയ അഗർവാളിന്റെ നേതൃത്വത്തിൽ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയവുമായി മൈക്രോസോഫ്റ്റ് 133 മില്യൺ ഡോളറിന്റെ കരാറിൽ ഏർപ്പെട്ടതിനെതിരെയാണ് ജീവനക്കാർക്കിടയിൽ പ്രതിഷേധം കനക്കുന്നത്. ഏപ്രിലിൽ കമ്പനി സംഘടിപ്പിച്ച യോഗത്തിൽ വാനിയ അഗർവാൾ പരസ്യമായി പ്രതിഷേധിച്ചിരുന്നു. തുടർന്ന് രാജിക്കത്ത് അയച്ച വാനിയയെ കമ്പനി ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ആരംഭിച്ച മൈക്രോസോഫ്റ്റിന്റെ ബിൽഡ് 2025 കോൺഫറൻസിൽ മൂന്ന് ദിവസവും പ്രതിഷേധങ്ങൾക്ക് വംശഹത്യ വിരുദ്ധ ടെക്കി കൂട്ടായ്മയായ ‘No Azure for apartheid’ഉമായി ചേർന്ന് വാനിയ നേതൃത്വം നൽകിയത്. ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിന് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ നൽകുന്ന മൈക്രോസോഫ്റ്റിനെതിരെ കമ്പനിക്കകത്ത് ഉയരുന്ന ആഭ്യന്തര വിയോജിപ്പാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്.
കമ്പനിയുടെ എ.ഐ, അസൂർ ക്ലൗഡ് സേവനങ്ങൾ ഫലസ്തീൻ ജനതയ്‌ക്കെതിരായ സൈനിക നീക്കത്തിന് സജീവ പിന്തുണ നൽകുന്നതിനെ വാനിയ അഗർവാൾ രാജിക്കത്തിൽ അപലപിച്ചിരുന്നു. ‘ഗസ്സയിൽ മാരകവും വിനാശകരവുമായി ആക്രമണം നടത്താൻ മൈക്രോസോഫ്റ്റ് ക്ലൗഡും എ.ഐയും ഇസ്രായേൽ സൈന്യത്തെ സഹായിക്കുന്നു’ എന്ന് വാനിയ അഗർവാൾ കമ്പനിക്കും സഹപ്രവർത്തകർക്കും അയച്ച ഇമെയിലിൽ വ്യക്തമാക്കി.
സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വാനിയ അഗർവാൾ, ഏപ്രിൽ നാലിന് മൈക്രോസോഫ്റ്റിന്റെ 50-ാം വാർഷികാഘോഷങ്ങൾ നടക്കുന്ന വേദിയിലാണ് വാനിയ ആദ്യം പ്രതിഷേധിച്ചത്. “ഗസ്സയിലെ 50,000 പലസ്തീനികളെ മൈക്രോസോഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കൊലപ്പെടുത്തി. നിങ്ങൾക്ക് എങ്ങനെ ധൈര്യം വരുന്നു? അവരുടെ രക്തത്തിൽ ആഘോഷം നടത്തുന്ന നിങ്ങളെ ഓർത്ത് ലജ്ജിക്കുന്നു. ഇസ്രായേലുമായുള്ള ബന്ധം വിച്ഛേദിക്കുക” -എന്നാണ് വാനിയ വിളിച്ചുപറഞ്ഞത്. ഇതോടെയാണ് ഇവർ വാർത്തകളിൽ ഇടംപിടിച്ചത്.
BREAKING! Palestinian tech worker disrupts Microsoft Build Day 2 keynote, confronting Jay Parikh, Executive VP of Microsoft CoreAI. Shut down #MSBuild! (1/5)🧵 pic.twitter.com/OmIB2hXpKI
— No Azure for Apartheid (@NoAz4Apartheid) May 20, 2025
മേയ് 19ന് ആരംഭിച്ച ബിൽഡ് 2025 കോൺഫറൻസിൽ മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വേദിയിലെത്തിയതിന് തൊട്ടുപിന്നാലെ ഒരു ജീവനക്കാരൻ ‘ഫ്രീ പാലസ്തീൻ’ എന്ന മുദ്രാവാക്യം മുഴക്കി പ്രസംഗം തടസ്സപ്പെടുത്തിയിരുന്നു. ഇസ്രായേൽ സർക്കാരുമായി ചേർന്ന് കമ്പനി നടത്തുന്ന പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം സി.ഇ.ഒ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസമായ മേയ് 20ന് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് ജയ് പരീഖിന്റെ മുഖ്യ പ്രഭാഷണം ഒരു ഫലസ്തീൻ ടെക് ജീവനക്കാരൻ തടസ്സപ്പെടുത്തി. ‘ജയ്, എന്റെ ജനങ്ങൾ കഷ്ടപ്പെടുന്നു! ഇസ്രായേലുമായുള്ള ബന്ധങ്ങൾ വിച്ഛേദിക്കുക! വർണ്ണവിവേചനത്തിന് അസൂർ കൂട്ടുനിൽക്കരുത്, സ്വാതന്ത്ര്യം നൽകുക, സ്വാതന്ത്ര്യം നൽകുക!" അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് 21ന് മറ്റൊരു മൈക്രോസോഫ്റ്റ് ജീവനക്കാരിയായ ഹൊസാം നാസറിനൊപ്പം വാനിയ അഗർവാൾ മൈക്രോസോഫ്റ്റിന്റെ എഐ സെക്യൂരിറ്റി ഹെഡ് ഓഫ് നേതാ ഹൈബി സംസാരിക്കുന്നതിനിടെ പ്രതിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.