ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തോടെ മരവിച്ചുപോയ ഇന്ത്യ-യു.എസ് വ്യാപാര കരാറിന് ജീവൻ വെക്കുന്നു. വ്യാപാര കരാറിന്റെ ആറാംഘട്ട ചർച്ചക്കായി യു.എസ് ഉന്നതതല സംഘം ഇന്ന് അർധരാത്രിയോടെ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ട്. നാളെ മുതൽ ചർച്ച പുനരാരംഭിക്കും.
ചർച്ചക്ക് നേതൃത്വം നൽകുന്ന ബ്രെൻഡൻ ലിഞ്ചും സംഘവുമാണ് ഇന്ന് രാത്രിയോടെ ഡൽഹിയിൽ എത്തുക. വ്യാപാര രംഗത്തെ യു.എസിന്റെ പ്രധാന ഇടനിലക്കാരനാണ് ലിഞ്ച്. ഇന്ത്യയെ പ്രതിനിധീകരിച്ച് വാണിജ്യ വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളാണ് ചർച്ച നടത്തുക.
ആഗസ്റ്റ് അവസാന വാരം വ്യാപാര ചർച്ചകൾ നടത്താനായിരുന്നു ഇരുരാജ്യങ്ങളുടെയും തീരുമാനം. എന്നാൽ തീരുവ വർധനവ് പ്രാബല്യത്തിൽ വന്നതോടെ ചർച്ച നടക്കുമോ എന്ന കാര്യത്തിൽ തന്നെ അനിശ്ചിതത്വമുണ്ടായി.
വ്യാപാര കരാറിന് ജീവൻ വെക്കുമെന്ന തരത്തിൽ കഴിഞ്ഞാഴ്ച വാണിജ്യ മന്ത്രി പീയുഷ് ഗോയൽ സൂചന നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് മുതൽ ചർച്ച തുടരുകയാണ്. അനുകൂല പരിസ്ഥിതിയാണെങ്കിൽ ചർച്ച ഉടൻ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തീരുവ വർധിപ്പിച്ചതിനു പിന്നാലെയാണ് ഇന്ത്യ-യു.എസ് ബന്ധം വഷളായത്. അതു കഴിഞ്ഞ് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് സൂചിപ്പിച്ച് ട്രംപ് രംഗത്തുവരികയും ചെയ്തു. 'ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര തടസങ്ങൾ പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളും ചർച്ചകൾ തുടരുകയാണെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. എന്റെ അടുത്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയുമായി വരും ആഴ്ചകളിൽ സംസാരിക്കാൻ ആഗ്രഹിക്കുന്നു. രണ്ട് മഹത്തായ രാജ്യങ്ങൾക്കും വിജയകരമായ ഒരു പരിസമാപ്തിയിലെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്'. -എന്നാണ് ട്രംപ് വ്യക്തമാക്കിയത്.
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ 50 ശതമാനം വ്യാപാര തീരുവ സെപ്റ്റംബറിൽ പ്രാബല്യത്തിൽ വന്നിരുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായാണ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം തീരുവ ചുമത്തിയത്. സെപ്റ്റംബർ ഏഴിന് ചുമത്തിയ 25 ശതമാനം പകരത്തീരുവക്ക് പുറമേയാണിത്. ഇതോടെയാണ്, ഇന്ത്യൻ ഉൽപന്നങ്ങൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി ഉയർന്നത്. ചെമ്മീൻ, വസ്ത്രങ്ങൾ, തുകൽ, രത്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയ മേഖലകൾക്ക് കനത്ത തിരിച്ചടിയാണ് പിഴത്തീരുവ. മരുന്നുകൾ, ഇലക്ട്രോണിക്സ്, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവക്ക് പിഴത്തീരുവ ബാധകമല്ല. അമേരിക്കയിലേക്കുള്ള ഏഴര ലക്ഷം കോടി രൂപയുടെ ഇന്ത്യൻ കയറ്റുമതിയിൽ പകുതിയും അധിക തീരുവയുടെ കീഴിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.