ന്യൂഡൽഹി: നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിർത്തി ചർച്ച ഫെബ്രുവരി 16 മുതൽ നടക്കും. രണ്ടുതവണ മാറ്റിവെച്ച ഡയറക്ടർ ജനറൽ തല ചർച്ചയാണ് അന്ന് നടക്കുക. ബംഗ്ലാദേശിലെ ഭരണമാറ്റം പ്രധാന ചർച്ചാവിഷയമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ദ്വിവാർഷിക ചർച്ചകളുടെ 55ാം പതിപ്പാണിത്. ബംഗ്ലാദേശ് ബോർഡർ ഗാർഡ് പ്രതിനിധി സംഘം ഫെബ്രുവരി 16 നും 19 നും ഇടയിൽ അതിർത്തി സുരക്ഷാസേനയുമായി ചർച്ച നടത്തും.
2024 ആഗസ്റ്റ് അഞ്ചിന് ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിനുശേഷം ഇരുസേനകളും തമ്മിലുള്ള ആദ്യ ഉന്നതതല ചർച്ചയാണിത്. അതിർത്തിയിൽ 95.8 കിലോമീറ്ററോളം ഒറ്റവരി വേലി നിർമിക്കുന്നത് സംബന്ധിച്ച് ബംഗ്ലാദേശ് ഉന്നയിച്ച എതിർപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയായേക്കും. ഈ ചർച്ചകളുടെ അവസാനം സേന തലവന്മാർ ഒപ്പുവെച്ച ചർച്ചകളുടെ സംയുക്ത റെക്കോഡ് തയാറാക്കും. കഴിഞ്ഞയാഴ്ച ഇരുരാജ്യങ്ങളും തങ്ങളുടെ തലസ്ഥാനത്തേക്ക് ഹൈകമീഷണർമാരെ വിളിച്ചുവരുത്തിയതിനെത്തുടർന്ന് അതിർത്തി വേലി നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.