ഹുർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണം: യു.എന്നിൽ കടുത്ത ആശങ്കയറിയിച്ച് ഇന്ത്യ

യുനൈറ്റഡ് നേഷൻസ്: ഹുർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയിൽ കടുത്ത ആശങ്ക അറിയിച്ച് ഇന്ത്യ. സിവിലിയൻ ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കുന്നതും രാജ്യാന്തര കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതുമായ ഇത്തരം നടപടികൾ ഒട്ടും അംഗീകരിക്കാനാകില്ലെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പാർവതനേനി ഹരീഷ് വ്യക്തമാക്കി.

സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കുന്ന രാജ്യാന്തര നിയമങ്ങൾ പൂർണ്ണമായും ബഹുമാനിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒമാൻ തീരത്ത് ഇന്ത്യൻ പതാക ഘടിപ്പിച്ച വാണിജ്യ കപ്പലിന് നേരെ ആക്രമണമുണ്ടായ പശളചാതലത്തിലാണ് ഇന്ത്യയുടെ പ്രതികരണം.

‘ഊർജ്ജ-വിതരണ ശൃംഖലകളുടെ സംരക്ഷണം’ എന്ന വിഷയത്തിൽ യു.എൻ സാമ്പത്തിക-സാമൂഹിക കൗൺസിൽ സംഘടിപ്പിച്ച പ്രത്യേക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലുണ്ടായ ഊർജ്ജ, വളപ്രതിസന്ധികളെ നേരിടാൻ ഹ്രസ്വകാല-ഘടനാപരമായ നടപടികളും അന്താരാഷ്ട്ര സഹകരണവും അനിവാര്യമാണെന്ന് യോഗത്തിന് ശേഷം എക്സ് പ്ലാറ്റ്‌ഫോമിലൂടെ അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹുർമുസ് കടലിടുക്ക്. ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത ഭീഷണിയാണ് നേരിടുന്നത്. യു.എസും ഇസ്രായേലും ഇറാനെതിരെ നടത്തിയ സംയുക്ത ആക്രമണങ്ങളും അതിനെത്തുടർന്നുണ്ടായ പ്രത്യാക്രമണങ്ങളുമാണ് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കിയത്.

Tags:    
News Summary - India at UN: Stop Hormuz Ship Attacks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.