കശ്മീരിന് പുറത്തുള്ളവരെ വോട്ടർമാരായി ഉൾപ്പെടുത്തൽ; എതിർപ്പറിയിച്ചുള്ള രാഷ്ട്രീയ നേതാക്കളുടെ യോഗം ഇന്ന്

ശ്രീനഗർ: ജമ്മു കശ്മീരിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടർ പട്ടികയിൽ പുറത്തു നിന്നുള്ളവരെ ഉൾപ്പെടുത്താനുള്ള നീക്കത്തെ എതിർക്കാൻ രൂപീകരിച്ച 14 അംഗ രാഷ്ട്രീയ പാർട്ടികളുടെ ആദ്യ യോഗം ഇന്ന് ചേരും. നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയുടെ വസതിയിലാണ് യോഗം ചേരുക.

അടുത്ത വർഷം നടക്കാൻ സാധ്യതയുള്ള നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീം ഭൂരിപക്ഷ മേഖലയിൽ എതിരാളികൾക്ക് മേൽക്കൈ ഉണ്ടാകാതിരിക്കാനാണ് വോട്ടർ പട്ടികയിൽ പുറത്തുള്ളവരെ കൊണ്ടുവരാനുള്ള ബി.ജെ.പി നിർദേശമെന്ന് പാർട്ടികൾ ആരോപിച്ചു.

പുനരവലോകനത്തിന്‍റെ മറവിൽ സർക്കാർ വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുകയാണെന്ന് സി.പി.എം നേതാവ് യൂസഫ് തരിഗാമി ആരോപിച്ചു. തെരഞ്ഞെടുപ്പിൽ 2.5 ദശലക്ഷം വോട്ടർമാരെ പ്രതീക്ഷിക്കുന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ ഹിർദേഷ് കുമാർ വാർത്താസമ്മേളനത്തിൽ പ്രസ്താവന നടത്തിയെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു.

വോട്ടർ പട്ടികയിൽ സ്ഥിരതാമസക്കാരെ മാത്രമല്ല, സ്ഥിരതാമസക്കാരല്ലാത്തവരെയും ഉൾപ്പെടുത്താൻ അനുവദിക്കുമെന്നാണ് പിന്നീട് ഹിർദേഷ് കുമാർ പറഞ്ഞത്.

കോൺഗ്രസ്, ശിവസേന, ദോഗ്ര സ്വാഭിമാൻ സംഗതൻ പാർട്ടി, ദോഗ്ര സദർ സഭ തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും 14 അംഗ പാനലിൽ അംഗങ്ങളാണ്. നാഷണൽ കോൺഫറൻസ് പാർലമെന്റ് അംഗം ഹസ്നൈൻ മസൂദിയാണ് കൺവീനർ.

ജമ്മുവിൽ താമസിക്കുന്നവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെങ്കിൽ റവന്യൂ ഉദ്യോഗസ്ഥർ നൽകുന്ന താമസ സർട്ടിഫിക്കറ്റ് വേണമെന്ന വിവാദ വിജ്ഞാപനം വൻ പ്രതിഷേധത്തെ തുടർന്ന് അടുത്തിടെ പിൻവലിച്ചിരുന്നു. 

Tags:    
News Summary - Inclusion of ‘outsiders’ as voters: J&K panel formed to oppose it to meet today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.