ബലാത്സംഗക്കേസ് പ്രതികളെ കെമിക്കൽ കാസ്ട്രേഷൻ ചെയ്യണമെന്ന് ഇമ്രാൻ ഖാൻ

ലാഹോര്‍: ബലാത്സംഗക്കേസ് പ്രതികളെ കെമിക്കൽ കാസ്ട്രേഷൻ ചെയ്യുകയോ പൊതുജനമധ്യത്തിൽ തൂക്കിലേറ്റുകയോ ചെയ്യണമെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താനില്‍ കുട്ടികളുടെ മുന്നില്‍ വെച്ച് സ്ത്രീയെ രണ്ടു പേര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാന്‍റെ അഭിപ്രായപ്രകടനം.

ബലാംത്സംഗക്കേസുകളിലെ കുറ്റക്കാരെ പൊതുസ്ഥലത്ത് തൂക്കിക്കൊല്ലുകയാണ് വേണ്ടത്. എന്നാല്‍ ഇത് യൂറോപ്യന്‍ യൂണിയനില്‍ നിന്നും മറ്റും മനുഷ്യാവകാശ ലംഘനം ഉന്നയിച്ച് പാകിസ്താന് വിലക്കുണ്ടായേക്കാവുന്ന സാഹചര്യത്തിൽ ഇതിന് പരിഹാരമായാണ് കെമിക്കൽ കാസ്ട്രേഷൻ എന്ന മാർഗം ഇമ്രാന്‍ ഖാന്‍ നിർദേശിക്കുന്നത്.

ഒപ്പം കുറ്റകൃത്യത്തിന്‍റെ തോത് ഒന്നും രണ്ടും മൂന്നും ഡിഗ്രികളിലായി ഗ്രേഡ് ചെയ്യണമെന്നും ഒന്നാമത്തെ ഡിഗ്രിയില്‍ പെടുന്നവര്‍ക്ക് (ലൈംഗിക കുറ്റകൃത്യങ്ങള്‍) കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബലാംത്സംഗക്കേസില്‍ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ പ്രതിക്കായുള്ള അന്വേഷണം തുടരുകയാണ്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

സെപ്തംബര്‍ ആദ്യവാരത്തിലാണ് യുവതി ബലാംത്സംഗത്തിന് ഇരയായത്. ലാഹോറിലെ ഒരു ഹൈവേയില്‍വെച്ച് സ്ത്രീയും കുട്ടികളും സഞ്ചരിച്ച കാറിന്‍റെ ഇന്ധനം തീർന്ന് ബ്രേക്ക് ഡൗണായി. ഉടന്‍ തന്നെ സഹായത്തിനായി ഇവര്‍ പൊലീസിനെ വിളിച്ചു. എന്നാല്‍ പൊലീസെത്തുന്നതിന് മുൻപ് സ്ഥലത്തെത്തിയ അക്രമികള്‍ യുവതിയേയും രണ്ട് കുട്ടികളേയും വിന്‍ഡോ തകര്‍ത്ത് പുറത്തേക്ക് വലിച്ചിട്ടു. തുടര്‍ന്ന് കുട്ടികളുടെ മുന്നില്‍വെച്ച് ഇവര്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇവരുടെ ആഭരണങ്ങളും പണവും ബാങ്ക് കാര്‍ഡുകളും തട്ടിയെടുത്തു.

പാകിസ്താന്‍ സമൂഹത്തില്‍ ആരും തങ്ങളുടെ സഹോദരിമാരെയും പെണ്‍മക്കളെയും ഇത്രയും വൈകി ഒറ്റക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല എന്ന ലാഹോര്‍ പൊലീസ് ചീഫ് ഉമര്‍ ഷെയ്ഖ് ഇരക്കെതിരെ നടത്തിയ പരാമർശം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.