ലാഹോർ: ജാമ്യം ലഭിച്ചിട്ടും കോടതി പരിസരത്ത് തുടരേണ്ടി വന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഒടുവിൽ വീട്ടിൽ തിരിച്ചെത്തി. അധികൃതരുമായുള്ള ദിവസങ്ങൾ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഇംറാൻ വീട്ടിലെത്തുന്നത്.
അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ഇംറാൻ ഖാന് ഇസ്‍ലാമാബാദ് ഹൈകോടതി കഴിഞ്ഞ ദിവസം രണ്ടാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വ്യാഴാഴ്ച പാക് സുപ്രീംകോടതി വിധിച്ചിരുന്നു. സുപ്രീംകോടതി നിർദേശിച്ചതുപ്രകാരമാണ് ഇംറാൻ ഖാൻ വെള്ളിയാഴ്ച ഹൈകോടതിയിൽ ഹാജരായത്. രാജ്യത്തിെന്റ വിവിധ ഭാഗങ്ങളിൽ ഇംറാൻ ഖാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വിലക്കുകയുണ്ടായി. ലാഹോറിൽ രജിസ്റ്റർ ചെയ്ത മൂന്ന് ഭീകരവാദക്കേസുകളിലും സില്ലെ ഷാ കൊലപാതകക്കേസിലും സംരക്ഷണ ജാമ്യവും അനുവദിച്ചു. മേയ് ഒമ്പതിന് ശേഷം ഇംറാനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ അറസ്റ്റ് നടപടികൾ മേയ് 17 വരെ വിലക്കിയിട്ടുമുണ്ട്. സമൻ പാർക്ക് മന്ദിരത്തിലെത്തിയ ഇംറാനെ കാത്ത് പാർട്ടി പ്രവർത്തകരുടെ നീണ്ടനിരയുണ്ടായിരുന്നു. റോസാദളങ്ങൾ വിതറിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പടക്കം പൊട്ടിച്ച പി.ടി.ഐ പ്രവർത്തകർ വീടിനു പുറത്ത് ആനന്ദനൃത്തമാടി.
ഇസ്‍ലാമാബാദ് പൊലീസ് ഐ.ജി അക്ബർ നാസിർ, തന്നെ കോടതിയിൽ കുടുക്കിയിടാൻ ആവുന്നതെല്ലാം ചെയ്തുനോക്കിയെന്ന് ഇംറാൻ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. മൂന്നുമണിക്കൂർ അവിടെ തടഞ്ഞു വെച്ചു. പുറത്തിറങ്ങുന്നത് അപകടമാണെന്നാണ് അതിനു പറഞ്ഞ ന്യായം. തന്നെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജ്യത്തെ ജനം മുമ്പാകെ പറയുമെന്ന് വ്യക്തമാക്കിയതോടെയാണ് വിട്ടയച്ചതെന്നും ഇംറാൻ വ്യക്തമാക്കി. ആഭ്യന്തര മന്ത്രി റാണ സനാവുല്ല, ഇംറാൻ ഖാനെ സംരക്ഷണ വലയത്തിലാക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇതാണ് ഐ.ജിയുടെ നടപടിയിൽ ഇംറാനും പാർട്ടി പ്രവർത്തകരും സംശയമുന്നയിക്കാൻ കാരണമെന്ന് റിപ്പോർട്ടുണ്ട്. സംരക്ഷണം നൽകൽ ഉഭയകക്ഷി വിഷയമാണെന്നും ഇതിൽ ആർക്കാണോ സംരക്ഷണം ഒരുക്കേണ്ടത്, അവരുടെ സഹകരണം പ്രധാനമാണെന്നും ഇസ്‍ലാമാബാദ് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.