ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര ഇറക്കുമതി നിർത്തിവെച്ചതെന്തിന്​..? കാരണം വെളിപ്പെടുത്തി ഇമ്രാൻ ഖാൻ

ഇസ്​ലാമാബാദ്​: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി ഇല്ലാതാക്കാനുള്ള 2019ലെ തീരുമാനം പുനഃപരിശോധിക്കുന്നത്​ വരെ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധവും പുലർത്താൻ പാകിസ്ഥാന് കഴിയില്ലെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും ദേശീയ സുരക്ഷയും തന്ത്രപരമായ നയവും സംബന്ധിച്ച ഇമ്രാൻ ഖാന്‍റെ പ്രത്യേക അസിസ്റ്റന്‍റായ മൊയീദ് യൂസഫും പ​ങ്കെടുത്ത യോഗത്തിലാണ്​ ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്​.

വില നിയന്ത്രിക്കാനും ക്ഷാമം നേരിടാനും ഇന്ത്യയിൽ നിന്ന് പരുത്തിയും പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന​ പാകിസ്ഥാൻ മന്ത്രിസഭയുടെ ഔദ്യോഗിക നിർദ്ദേശം ഇമ്രാൻ ഖാൻ കഴിഞ്ഞ വ്യാഴാഴ്ച തള്ളിയിരുന്നു. ''രണ്ട്​ ദിവസങ്ങളായി നടന്ന ചർച്ചകൾക്ക്​ ​ശേഷം 2019 ആഗസ്റ്റ് അഞ്ചിന് [ജമ്മു കശ്മീരിൽ] സ്വീകരിച്ച നടപടികൾ ഇന്ത്യ പുനഃപരിശോധിക്കുന്നതുവരെ പാകിസ്ഥാന് ഇന്ത്യയുമായി ഒരു തരത്തിലുള്ള വ്യാപാരവും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്​" - മൊയീദ്​ യൂസഫ് യോഗത്തിന് ശേഷം വാർത്താ മാധ്യമങ്ങളോട്​ പറഞ്ഞു.

കശ്മീർ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി വ്യാപാരം പുനഃരാരംഭിക്കരുതെന്നാണ് തങ്ങളുടെ തത്ത്വപരമായ നിലപാടെന്നും ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്ന ഏത് തീരുമാനവും "പാകിസ്ഥാൻ കശ്മീരിലെ ജനങ്ങളെ അവഗണിച്ചുവെന്ന തെറ്റായ ധാരണ നൽകുമെന്നും ഖാൻ യോഗത്തിൽ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു​. ഇന്ത്യയിൽ നിന്ന് പരിമിതമായ ഇറക്കുമതി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ മന്ത്രിസഭയുടെ സാമ്പത്തിക ഏകോപന സമിതി (ഇസിസി) ഒരു ദിവസം മുമ്പ് എടുത്ത തീരുമാനം ഖാൻ അധ്യക്ഷനായ മന്ത്രിസഭാ യോഗം തള്ളിയിരുന്നു. ജമ്മു കശ്മീരിലെ മാറ്റങ്ങളിൽ പ്രതിഷേധിച്ച് പാകിസ്ഥാൻ 2019 ആഗസ്റ്റിൽ ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയമായി നിർത്തിവച്ചിരുന്നു.

Tags:    
News Summary - Imran Khan explains why Pakistan cabinet decided against sugar import

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.