ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ പാർട്ടിയുടെ ശത്രുവാണെന്ന് പാകിസ്താൻ മുസ്ലിംലീഗ് (നവാസ്) സർക്കാറിലെ ആഭ്യന്തരമന്ത്രി റാണ സനാഉല്ല. ഒന്നുകിൽ ഇംറാന്റെ തഹ്രീകെ ഇൻസാഫ് പാർട്ടി, അല്ലെങ്കിൽ തന്റെ പാർട്ടി; രണ്ടിൽ ഏതെങ്കിലുമൊന്ന് പാക് രാഷ്ട്രീയത്തിൽനിന്ന് തുടച്ചുനീക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
‘ഒന്നുകിൽ ഇംറാൻ, അല്ലെങ്കിൽ ഞങ്ങൾ തുടച്ചുനീക്കപ്പെടും. ഈ രണ്ടു പാർട്ടികളിൽ ഒന്നിന് മാത്രം നിലനിൽപുള്ള രീതിയിലേക്ക് പാക് രാഷ്ട്രീയത്തെ ഇംറാൻ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നു. ഇംറാനോടുള്ള കണക്കുതീർക്കാൻ ഇനി ഞങ്ങൾ ഏതറ്റംവരെയും പോകും. ഇംറാനാണ് രാഷ്ട്രീയത്തെ ശത്രുതയുള്ളതാക്കിയത്. ഇപ്പോൾ ഇംറാൻ ഞങ്ങളുടെ ശത്രുവാണ്. അതിനാൽ അങ്ങനെയേ അദ്ദേഹത്തോട് പെരുമാറാനാകൂ’ -സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ സനാഉല്ല പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇംറാൻ ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. തന്നെ അപായപ്പെടുത്തുമെന്ന ഭരണകക്ഷിയുടെ വെല്ലുവിളിയാണ് സനാഉല്ലയിലൂടെ പുറത്തുവന്നിരിക്കുന്നതെന്നും അത് തടയണമെന്നുമാണ് ഇംറാന്റെ ആവശ്യം. കഴിഞ്ഞ നവംബറിൽ പഞ്ചാബ് പ്രവിശ്യയിലെ വസീറിസ്താനിൽ റാലിയിൽ പങ്കെടുക്കവെ ഇംറാനെതിരെ വധശ്രമമുണ്ടായിരുന്നു. ഇതിനുപിറകിൽ സനാഉല്ലയും പ്രധാനമന്ത്രി ശഹ്ബാസ് ശരീഫുമാണെന്ന് ഇംറാൻ ആരോപിച്ചിരുന്നു.
അതിനിടെ, ഏഴു കേസുകളിൽ ഇംറാന് ഇസ്ലാമാബാദ് ഹൈകോടതി ഇടക്കാല ജാമ്യമനുവദിച്ചു. കഴിഞ്ഞവർഷം ഏപ്രിലിലാണ് അവിശ്വാസ വോട്ടിനെ തുടർന്ന് ഇംറാൻ പ്രധാനമന്ത്രിപദത്തിൽനിന്ന് പുറത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.