ഐ.ഐ.എം പൂർവ വിദ്യാർഥി ശ്രീകാന്ത് ദത്തർ ഹാർവാർഡ് ബിസിനസ് സ്കൂൾ ഡീൻ

ന്യൂഡൽഹി: ഇന്ത്യൻ വംശജനും ഐ.ഐ.എം പൂർവ വിദ്യാർഥിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ശ്രീകാന്ത് ദത്തറിനെ ഹാർവാർഡ് ബിസിനസ് സ്കൂൾ പുതിയ ഡീൻ ആയി നിയമിച്ചു. ഹാർവാർഡ് ബിസിനസ് സ്കൂൾ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് നിയമന വിവരം പുറത്തുവിട്ടത്. 2021 ജനുവരി ഒന്ന് മുതലാണ് ദത്തറിന്‍റെ നിയമനം പ്രാബല്യത്തിൽ വരിക.

നിലവിൽ ഹാർവാർഡ് ബിസിനസ് സ്കൂൾ യൂനിവേഴ്സിറ്റി അഫേഴ്സ് വിഭാഗത്തിന്‍റെ ചുമതലയും കൊൽക്കത്ത ഐ.ഐ.എം ഗവേണിങ് ബോഡി അംഗവുമാണ് ദത്തർ. ഏറെ ബഹുമാനത്തോടെയും വിനയാന്വിതനുമായാണ് ഡീൻ പദവി ഏറ്റെടുക്കുന്നതെന്ന് ശ്രീകാന്ത് ദത്തർ പ്രതികരിച്ചു.

ഇന്ത്യൻ വംശജനായ നിതിൻ നോഹ്റിയ ആണ് നിലവിലെ ഡീൻ. അഹമ്മദാബാദ് ഐ.ഐ.എം പഠനം പൂർത്തിയാക്കിയ ദത്തർ 112 വർഷം പഴക്കമുള്ള ബിസിനസ് സ്കൂളിന്‍റെ ഡീൻ ആകുന്ന രണ്ടാമത്തെ ഇന്ത്യൻ വംശജനാണ്.

നിതിൻ നൊഹ്റിയ, 10 വർഷത്തെ വിശിഷ്ട സേവനത്തിനു ശേഷം കഴിഞ്ഞ ജൂണോടെ ഡീൻ പദവിയിൽ നിന്ന് മാറാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കോവിഡ് കണക്കിലെടുത്ത് ഡിസംബർ വരെ തുടരാൻ സമ്മതിക്കുകയായിരുന്നു.

1973ൽ ബോംബെ സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കിയ ശ്രീകാന്ത് ദത്തർ, ചാർട്ടേഡ് അക്കൗണ്ട് മേഖലയിലേക്ക് തിരിഞ്ഞു. തുടർന്ന് അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് ബിനിനസ് മാനേജ്മെന്‍റിൽ പി.ജി ഡിപ്ലോമ നേടി. സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്-എക്കണോമിക്സിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി.

1984 മുതൽ 89 വരെ കാർനീജ് മെലൻ ഗ്രാഡുവേറ്റ് സ്കൂൾ ഒാഫ് ഇൻഡസ്ട്രിയൽ അഡ്മിനിസ്ട്രേഷനിൽ അസിസ്റ്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ പദവികൾ വഹിച്ചു. ജോർജ് ലേലാൻഡ് ബാച്ച് ടീച്ചിങ് അവാർഡ് നൽകി ദത്തറിനെ ആദരിച്ചു.

1996ൽ ഹാർവാർഡ് ബിസിനസ് സ്കൂൾ ഫാക്കൽറ്റി അംഗമായ ചേർന്ന ദത്തർ, ഫാക്കൽറ്റി റിക്രൂട്ടിങ്, ഫാക്കൽറ്റി ഡെവലപ്മെന്‍റ്, എക്സിക്യൂട്ടീവ് എഡ്യുകേഷൻ, റിസർച്ച് അടക്കം നിരവധി പദവികൾ വഹിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.