ഗസ്സ: ലോകത്തെ മുഴുവൻ ആശങ്കയിലാക്കി ഗസ്സയിലെ അൽ-ശിഫ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം പ്രവേശിച്ചു. 650 രോഗികളും 5000ത്തിനും 7000ത്തിനു ഇടക്ക് സിവിലിയൻമാരും അൽ-ശിഫ ആശുപത്രിയിൽ തുടരുന്നുവെന്നാണ് റിപ്പോർട്ട്. നിരന്തരമായി അൽ-ശിഫ ആശുപത്രിയിൽ നിന്ന് വെടിവെപ്പുണ്ടാകുന്നതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. 1000ത്തോളം ആരോഗ്യപ്രവർത്തകരും ആശുപത്രിയിൽ കുടുങ്ങി കിടക്കുന്നുണ്ട്.
അതേസമയം, ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് അൽ-ശിഫ ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തുവെന്ന് അൽ-ശിഫ ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ബോംബിട്ടും വെടിവെച്ചും ഒപ്പം വൈദ്യുതി മുടക്കിയും ഉപരോധം തീർത്തും ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രായേൽ കൊന്നൊടുക്കിയ 179 ഫലസ്തീനികളെ ആശുപത്രിവളപ്പിൽതന്നെ കൂട്ടക്കുഴിമാടമൊരുക്കി ഖബറടക്കി. ഇന്ധനം തീർന്ന് ഇരുട്ടിലായ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന ഏഴ് നവജാത ശിശുക്കളും അത്യാഹിത വിഭാഗത്തിലെ 29 രോഗികളും കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ബോംബിങ്ങിലും വെടിവെപ്പിലും കൊല്ലപ്പെട്ടവരുടേതടക്കമുള്ള മൃതദേഹങ്ങൾ സംസ്കരിക്കാനാകാതെ ആശുപത്രി വളപ്പിൽ അഴുകിയ നിലയിലായിരുന്നു. ഇവ പുറത്തേക്കു മാറ്റാൻ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് ആശുപത്രി വളപ്പിൽ തന്നെ ഖബറിടമൊരുക്കിയതെന്ന് അൽ ശിഫ ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ പറഞ്ഞു. കനത്ത മഴക്കിടെ ആശുപത്രി മുറ്റത്തുതന്നെ മയ്യിത്ത് നമസ്കാരം നിർവഹിച്ചാണ് ഖബറടക്കം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.