വാഷിങ്ടൺ: ഹുർമുസ് കടലിടുക്കിലെ ഉപരോധം നയിക്കുന്ന ഇറാനിയൻ നാവിക കപ്പലുകളെ പൂർണമായും തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ അമേരിക്കൻ തീരങ്ങളിൽ മയക്കുമരുന്ന് മാഫിയകളുടെ കപ്പലുകളെ നേരിടുന്ന അതേ ‘കൊലപാതക രീതിയിൽ’ ഇറാനിയൻ കപ്പലുകൾക്കെതിരെയും പ്രയോഗിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.
തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കിയത്. ഇറാന്റെ നാവികപ്പട നേരത്തെ തന്നെ തകർന്നടിഞ്ഞതാണെന്നും 158 കപ്പലുകൾ നിലവിൽ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു.
"ഇറാന്റെ നാവികസേന പൂർണമായും ഇല്ലാതായിക്കഴിഞ്ഞെന്നും അവശേഷിക്കുന്ന ചെറിയ 'ഫാസ്റ്റ് അറ്റാക്ക്' കപ്പലുകൾ അമേരിക്കയുടെ ഉപരോധത്തിന് തടസ്സമായിവന്നാൽ അവ ഉടൻ നശിപ്പിക്കപ്പെടും. മയക്കുമരുന്ന് കടത്തുകാരെ നേരിടുന്നത് പോലെ വേഗത്തിലും ക്രൂരവുമാകും ആ നടപടി." ട്രംപ് സന്ദേശത്തിൽ കുറിച്ചു. കൂടാതെ, കടൽ വഴിയുള്ള മയക്കുമരുന്ന് കടത്ത് 98.2 ശതമാനവും താൻ നിർത്തിയതായും അവകാശപ്പെട്ടു.
ഇറാനെ സമാധാന കരാറിന് നിർബന്ധിതരാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ 10 മുതൽ മുതൽ ഇറാന്റെ എല്ലാ തുറമുഖങ്ങളിലും യു.എസ് സൈന്യം ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായി പേർഷ്യൻ ഗൾഫിലെയും ഒമാൻ ഗൾഫിലെയും എല്ലാ തുറമുഖങ്ങളെയും ലക്ഷ്യംവെക്കുമെന്ന് ഇറാനും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇസ്രായേൽ-യു.എസ് സഖ്യം ഫെബ്രുവരി 28ന് ഇറാനിൽ നടത്തിയ ആക്രമണത്തോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്.
തുടർന്ന് ലോക എണ്ണവ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെ എണ്ണവില കുതിച്ചുയർന്നിട്ടുണ്ട്.
ബ്രിട്ടീഷ് മാരിടൈം ഏജൻസിയുടെ അറിയിപ്പ് പ്രകാരം ഇറാനിയൻ തീരങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇറാൻ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കപ്പലുകൾക്ക് തടസ്സമില്ലെങ്കിലും മേഖലയിൽ യുദ്ധക്കപ്പലുകളുടെ സാന്നിധ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.