ഗസ്സ: കിരാതമായ ഇസ്രായേൽ നടപടിക്കെതിതര കണ്ണും കാമറയും സദാ തുറന്നുവെച്ച ഫോട്ടോ ജേണലിസ്റ്റ് ഫാത്തിമ ഹസൂനയും (25) ഇസ്രായേൽ ബോംബിങ്ങിൽ കൊല്ലപ്പെട്ടു. ‘ഉച്ചത്തിലുള്ള മരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും വെറുമൊരു ബ്രേക്കിങ് ന്യൂസോ ഒരു ഗ്രൂപ്പിലെ നമ്പറോ ആകാൻ ആഗ്രഹിക്കുന്നില്ലെന്നും’ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ഏതു നിമിഷവും കൊല്ലപ്പെടാമെന്നും ധീരയായ ഈ മാധ്യമ പ്രവർത്തകക്ക് അറിയാമായിരുന്നു.
യുദ്ധത്തിന്റെ കൊടും ക്രൂരതകൾ രേഖപ്പെടുത്തുന്നതിനായി ഒന്നര വർഷം അവർ യുദ്ധഭൂമിയിൽ ചെലവഴിച്ചു. വ്യോമാക്രമണങ്ങളുടെയും ബന്ധുക്കളുടെയും തന്റെ തന്നെ വീട് തകർക്കുന്നതിന്റെയും ചിത്രങ്ങൾ അവർ പകർത്തി. നിരന്തരമായ അപകടങ്ങൾക്കിടയിലും ഗസ്സയുടെ കഥ തന്റെ കണ്ണിലൂടെ ഹസൂന പറഞ്ഞു കൊണ്ടിരുന്നു.
വിവാഹ നിശ്ചയം കഴിഞ്ഞ ഫാത്തിമ ഹസൂനയുടെ വീട്ടിൽ ബുധനാഴ്ച ഇസ്രായേലി സൈന്യം അതിക്രൂരമായ വ്യോമാക്രമണം നടത്തിയപ്പോൾ ഫാത്തിമയും ഗർഭിണിയായ സഹോദരി ഉൾപ്പെടെ പത്ത് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഇറാനിയൻ ചലച്ചിത്രകാരൻ സെപിദെ ഫാർസിയുടെ ‘പുട് യുവർ സോൾ ഓൺ യുവർ ഹാൻഡ് ആൻഡ് വാക്’ എന്ന ഡോക്യുമെന്ററിയിലെ നായികയാണ് ഫാതിമ ഹസൂന.
അടുത്ത മാസം കാൻ ചലച്ചിത്രമേളയിൽ ഈ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനിരിക്കെയാണ് അവരുടെ കൊലപാതകം. കൊല്ലപ്പെടുന്നതിന് 24 മണിക്കൂർ മുമ്പാണ് കാൻ ചലച്ചിത്ര മേള അധികൃതർ ഡോക്യുമെന്ററി തിരഞ്ഞെടുക്കപ്പെട്ട വിവരം പുറത്തു വിട്ടത്. കാൻ ഫിലിം ഫെസ്റ്റിവൽ അധികൃതർ ഹസൂനയുടെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി. ഗസ്സയിലെ യൂനിവേഴ്സിറ്റി കോളജ് ഓഫ് അപ്ലൈഡ് സയൻസസിൽ നിന്ന് ബിരുദം നേടിയ ഈ പെൺകുട്ടി നിരപരാധികൾക്കെതിരായ ഇസ്രായേൽ നരനായാട്ട് ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ചിരുന്നു.
കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സൂര്യാസ്തമയത്തിന്റെ ഒരു ഫോട്ടോ അവർ പോസ്റ്റ് ചെയ്തു. ‘വളരെക്കാലത്തിനു ശേഷമുള്ള ആദ്യത്തെ സൂര്യാസ്തമയമാണിത്’ എന്ന് അവർ സോഷ്യൽ മീഡിയയിൽ എഴുതി. ‘ഗസ്സയിലെ യുദ്ധം അവർ റിപ്പോർട്ട് ചെയ്തു. ഇടക്കിടെ മാധ്യമങ്ങളുമായി സഹകരിച്ച് ഫോട്ടോകളും വിഡിയോകളും അയച്ചു.
‘എല്ലാ ദിവസവും അവർ എനിക്ക് ഫോട്ടോകളും സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും അയച്ചിരുന്നു. അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്ന് ഞാൻ ചിന്തിക്കുമായിരുന്നുവെന്ന് ഇറാനിയൻ ചലച്ചിത്രകാരൻ സെപിദെ ഫാർസി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.