റഫ: രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സമ്മർദങ്ങൾക്കിടെ ബോംബിങ്ങിനൊപ്പം സഹായം നിഷേധിച്ചും കൂട്ടക്കുരുതിക്ക് കനംകൂട്ടി ഇസ്രായേൽ. കൊടുംപട്ടിണി താങ്ങാനാകാതെ 18 പേർ ഗസ്സയിൽ മരണപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കടുത്ത പോഷകക്കുറവു മൂലം അവശരായി ഗസ്സയിലുടനീളം കുഞ്ഞുങ്ങൾ ആശുപത്രികളിൽ മരണത്തോടു മല്ലിടുന്നതായും റിപ്പോർട്ടുകൾ പറയുന്നു. മരിച്ചവരിൽ 15 പേർ കുരുന്നുകളാണ്. പട്ടിണി മരണം ആയുധമാക്കുന്നതിനെതിരെ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം രൂക്ഷമായി രംഗത്തുവന്നിരുന്നു.
എന്നാൽ, ഭക്ഷണം നിഷേധിക്കുന്നതിനൊപ്പം ബോംബിങ്ങും ഇസ്രായേൽ ശക്തമാക്കിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 86 മൃതദേഹങ്ങൾ ആശുപത്രികളിലെത്തിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 113 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഗസ്സയിൽ മരണസംഖ്യ 30,717ആയി.
മധ്യഗസ്സയിൽ ദെയ്ർ അൽബലഹിലെ നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബുവർഷിച്ചതിൽ നിരവധി സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. തെക്കൻ ഗസ്സയിൽ റഫയിലും ബോംബുകൾ തീ തുപ്പുകയാണ്. ഗസ്സയിൽ വെടിനിർത്തൽ ലക്ഷ്യമിട്ട് കൈറോയിൽ തുടരുന്ന ചർച്ചകൾ അനിശ്ചിതത്വത്തിലാണ്.
ഖത്തർ, ഈജിപ്ത്, ഹമാസ് എന്നിവയുടെ പ്രതിനിധികളാണ് കൈറോയിൽ തുടരുന്നത്.
മോചിപ്പിക്കുന്ന ബന്ദികളെ കുറിച്ച വിശദാംശങ്ങൾ നേരത്തേ കൈമാറണമെന്നാവശ്യപ്പെട്ട് ഇസ്രായേൽ പ്രതിനിധികളെ അയച്ചിട്ടില്ല.
എന്നാൽ, പലഭാഗങ്ങളിൽ പാർപ്പിച്ച ബന്ദികളെക്കുറിച്ച് വെടിനിർത്താതെ വിവരം ശേഖരിക്കാനാകില്ലെന്നും അതിനാൽ അടിയന്തരമായി വെടിനിർത്തൽ മാത്രമാണ് പരിഹാരമെന്നും ഹമാസ് നേതൃത്വം വ്യക്തമാക്കുന്നു. ആറാഴ്ച താൽക്കാലിക ഇടവേള അനുവദിക്കാമെന്നും അതിനിടെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നുമാണ് ഇസ്രായേൽ നിർദേശം. യു.എസും അതുതന്നെ പറയുന്നു.
എന്നാൽ, ഗസ്സയിലെ സാധാരണക്കാർക്കുമേൽ വംശഹത്യ തുടരാൻ ഇത് അവസരമാകുമെന്ന് ഹമാസും ലോകത്തുടനീളമുള്ള മനുഷ്യാവകാശ സംഘടനകളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.