(photo: Yahya Arhab / EPA-EFE)
യമനെ ആക്രമിച്ചാൽ വിവരമറിയുമെന്ന് ഹൂതികൾ
സൻആ: ഇസ്രായേലോ അമേരിക്കയോ മറ്റേതെങ്കിലും പാശ്ചാത്യ ശക്തികളോ യമനെ ആക്രമിച്ചാൽ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന്റെ പിന്തുണയുള്ള യമനിലെ ഹൂതി വിഭാഗം മുന്നറിയിപ്പ് നൽകി.
എല്ലാ പ്രതിരോധ സംവിധാനങ്ങളും സജ്ജമാണ്. ഫലസ്തീനിലെ അക്രമം തുടരുന്ന കാലത്തോളം ഇസ്രായേലിന്റെ താൽപര്യങ്ങളെ ആക്രമിക്കും. ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾ ഏത് രാജ്യത്തിന്റേതായാലും തകർക്കും.
ഇസ്രായേലിന്റെയും അമേരിക്കയുടെയും ഭീഷണി വകവെക്കുന്നില്ലെന്ന് ഹൂതികളുടെ ‘അൻസാറുല്ല’ സൈനിക വിഭാഗം പോളിറ്റ് ബ്യൂറോ അംഗം അലി അൽ ഖാഹൂം ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
ചെങ്കടൽവഴി യാത്ര ഒഴിവാക്കാൻ കപ്പൽ കമ്പനികൾ
ഹൂതികളുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചെങ്കടൽവഴി ഗതാഗതം ഒഴിവാക്കാൻ പ്രമുഖ കപ്പൽ കമ്പനികൾ. ലോകത്തിലെ രണ്ട് വലിയ കപ്പൽ കമ്പനികൾ ചെങ്കടൽവഴി എല്ലാ യാത്രയും നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഡാനിഷ് കമ്പനിയായ മായെർസ്കും ജർമൻ കമ്പനിയായ ഹാപെഗ് ലോയ്ഡുമാണ് തിങ്കളാഴ്ചവരെ ഗതാഗതം നിർത്തുന്നതായി പ്രഖ്യാപിച്ചത്. സ്ഥിതിയിൽ മാറ്റമില്ലെങ്കിൽ ഇത് തുടരും. ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇൻഷുറൻസ് കമ്പനികൾ കഴിഞ്ഞ ദിവസം പ്രീമിയം കുത്തനെ ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.