ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും ഹൂതി മിസൈൽ ആക്രമണം

സനാ: ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് തുടരുന്ന പശ്ചാത്തലത്തിൽ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ വീണ്ടും മിസൈൽ ആക്രമണവുമായി യെമനിലെ ഹൂതികൾ. രണ്ട് കപ്പലുകൾക്ക് നേരെ ആറ് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു. ഗ്രീക്ക് ഉടമസ്ഥതയിലുള്ള ഒരു കപ്പലിന് മിസൈൽ പതിച്ച് കേടുപാട് സംഭവിച്ചെങ്കിലും യാത്ര തുടർന്നു.

മാർഷൽ ദ്വീപുകളുടെ പതാകയുള്ള ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലായ എം.വി സ്റ്റാർ നാസിയ എന്ന കപ്പലിനാണ് കേടുപാട് സംഭവിച്ചത്. രണ്ട് മിസൈലുകൾ കപ്പലിന് തൊട്ടടുത്താണ് പതിച്ചത്. കപ്പലിന് ചെറിയ തകരാറാണ് സംഭവിച്ചതെന്നും ആർക്കും പരിക്കില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

യു.കെ ഉടമസ്ഥതയിലുള്ള എം.വി മോണിങ് ടൈഡ് കപ്പലിന് നേരെയാണ് യമനിൽ നിന്ന് രണ്ടാമത് ആക്രമണമുണ്ടായത്. കപ്പലിന് സമീപത്ത് സമുദ്രത്തിലാണ് മൂന്ന് മിസൈലുകളും പതിച്ചത്. തകരാറുകളോ പരിക്കോ ഇല്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് റിപ്പോർട്ട് ചെയ്തു.

കപ്പലുകളെ ആക്രമിക്കുന്ന പശ്ചാത്തലത്തിൽ യെമനിലെ ഹൂതി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസും യു.കെയും ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ചെങ്കടലിൽ കപ്പലാക്രമണം.

ഗസ്സയിലെ ഇസ്രായേൽ മനുഷ്യക്കുരുതിക്ക് പ്രതികാരമായി ചെങ്കടലിലെ ഇസ്രായേൽ ബന്ധമുള്ളതും ഇസ്രായേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെയും കപ്പലുകൾ ആക്രമിക്കുമെന്ന് ഹൂതി സംഘം പ്രഖ്യാപിച്ചിരുന്നു.

ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഫലസ്തീൻ ഉപരോധം അവസാനിപ്പിക്കുകയും ചെയ്യുന്നത് വരെ അന്താരാഷ്ട്ര കപ്പൽപ്പാതയിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾ ആക്രമിക്കുമെന്നാണ് ഹൂതികൾ പ്രഖ്യാപിച്ചത്.

Tags:    
News Summary - Houthis fire 6 ballistic missiles at vessels in Red Sea, Gulf of Aden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.