കൈറോ: വിദേശ സർക്കാറുകൾക്കായി ചാരപ്പണി നടത്തിയെന്ന കുറ്റത്തിന് യമനിലെ ഹൂതി കോടതി 17 പേരെ വധശിക്ഷക്ക് വിധിച്ചു. അമേരിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളിലെ ഇന്റലിജൻസ് വിഭാഗങ്ങളുമായി ബന്ധപ്പെട്ട ചാരശൃംഖലയിലെ കണ്ണികളാണ് ശിക്ഷിക്കപ്പെട്ടവരെന്ന് പറഞ്ഞ കോടതി കൈവിലങ്ങുകൾ ബന്ധിച്ച് പരസ്യമായി വെടിവെച്ച് കൊലപ്പെടുത്താൻ വിധിക്കുകയായിരുന്നു.
കൂടാതെ, ഒരു പുരുഷനും സ്ത്രീക്കും 10 വർഷം ജയിൽശിക്ഷ വിധിക്കുകയും മറ്റൊരാളെ വെറുതെ വിടുകയും ചെയ്തു. സൻആയിലെ പ്രത്യേക ക്രിമിനൽ കോടതിയാണ് ശനിയാഴ്ച വിധി പറഞ്ഞതെന്ന് ഹൂതി വാർത്താ ഏജൻസി ‘സാബ’ റിപ്പോർട്ട് ചെയ്തു. വധശിക്ഷക്കെതിരെ അപ്പീൽ നൽകുമെന്ന് ചില പ്രതികളുടെ അഭിഭാഷകനായ അബ്ദുൽബാസിദ് ഗാസി പറഞ്ഞു.
2024-25 കാലയളവിൽ വിദേശ രാജ്യങ്ങൾക്കായി ചാരപ്പണി നടത്തിയെന്നതാണ് കുറ്റം. ബ്രിട്ടൻ, യു.എസ് എന്നിവിടങ്ങളിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായും ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദുമായും പ്രതികൾ സഹകരിച്ചുവെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞതായി ‘സാബ’ റിപ്പോർട്ട് ചെയ്തു.
പ്രതികൾ ശത്രുക്കൾക്കായി നേതാക്കളുടെ നീക്കങ്ങളുടെയും ലൊക്കേഷനുകളുടെയും മിസൈലുകളുടെയും വിവരങ്ങൾ കൈമാറി. ഇത് സൈനിക, സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിലേക്കും നിരവധിപേരുടെ മരണത്തിനും വ്യാപക നാശനഷ്ടങ്ങൾക്കും കാരണമായെന്നും കോടതി കണ്ടെത്തി. 2014ൽ ആരംഭിച്ച യമൻ ആഭ്യന്തര യുദ്ധത്തിനിടെ ഐക്യരാഷ്ട്രസഭ ജീവനക്കാരെ ഉൾപ്പെടെ ആയിരക്കണക്കിനുപേരെ ഹൂതികൾ തടവിലാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.