ഇസ്രായേലിന് മറുപടിയായി ചെങ്കടലിൽ ഹൂതി ആക്രമണം; സർവിസ് നിർത്തിവെച്ച് കൂടുതൽ കമ്പനികൾ

സ്സയിൽ ഇസ്രായേൽ തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തിന് മറുപടിയായി യമനിലെ ഹൂതികൾ ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം ശക്തമാക്കിയതോടെ സർവിസുകൾ നിർത്തിവെച്ച് കൂടുതൽ ഷിപ്പിങ് കമ്പനികൾ. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെർസെക്, ഹപാഗ് ലോയ്ഡ് എന്നിവ ചെങ്കടലിലൂടെയുള്ള സർവിസ് നിർത്തിവെക്കുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രമുഖ കമ്പനികളായ ഇറ്റലിയുടെ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി, ഫ്രാൻസിന്‍റെ സി.എം.എ ജി.സി.എം എന്നിവയും സർവിസ് നിർത്തിവെക്കുകയാണെന്ന് അറിയിച്ചു.

ലോകത്തെ വാണിജ്യ കപ്പൽ ഗതാഗതത്തിന്‍റെ 40 ശതമാനവും ചെങ്കടൽ വഴിയുള്ളതാണ്. ചെങ്കടലിനെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന സൂയസ് കനാൽ ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ കപ്പൽപാതയാണ്. ചെങ്കടൽ വഴിയുള്ള കപ്പൽ നീക്കങ്ങൾ പ്രതിസന്ധിയിലാകുന്നത് ഇസ്രായേലിന് മേൽ വലിയ അന്താരാഷ്ട്ര സമ്മർദമുണ്ടാക്കും.

ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാത്തപക്ഷം ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തിൽനിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വിവിധ കപ്പലുകൾക്ക് നേരെ ഇവർ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിനായി അസംസ്കൃത എണ്ണ എത്തിക്കുന്ന നോർവീജിയൻ വാണിജ്യ കപ്പലിനുനേരെ ഹൂതികൾ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. 25 ജീ​വ​ന​ക്കാ​രു​മാ​യി ക​ഴി​ഞ്ഞ മാ​സം റാ​ഞ്ചി​യ ഇസ്രായേൽ കമ്പനിയുടെ ഗാ​ല​ക്സി ലീ​ഡ​ർ എ​ന്ന ച​ര​ക്കു​ക​പ്പ​ൽ ഇ​പ്പോ​ഴും ഹൂ​തി​ക​ളു​ടെ പി​ടി​യി​ലാ​ണ്.

അതേസമയം, ഹൂതികളുടെ 14 ആക്രമണ ഡ്രോണുകൾ ചെങ്കടലിൽ വെടിവെച്ച് വീഴ്ത്തിയതായി യു.എസ് സൈന്യം അവകാശപ്പെട്ടു. ഒരു ഡ്രോൺ വീഴ്ത്തിയതായി ബ്രിട്ടനും അവകാശപ്പെട്ടു. 

Tags:    
News Summary - Houthi attacks in Red Sea cause concerns for global shipping

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.