ബന്ദിമോചനം ആവശ്യപ്പെട്ട് ബന്ധുക്കളുടെ നാലുദിന മാർച്ച്

ജറൂസലം: ഗസ്സയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളുടെയും അവരെ അനുകൂലിക്കുന്നവരുടെയും നാലുദിവസം നീളുന്ന മാർച്ച് തുടങ്ങി. തെക്കൻ ഇസ്രായേലിൽനിന്ന് ജറൂസലമിലേക്കാണ് മാർച്ച്.

ഗസ്സയിൽ ബന്ധികളാക്കപ്പെട്ടവരുടെ 70 കുടുംബങ്ങളാണ് മാർച്ചിന് നേതൃത്വം നൽകുന്നതെന്ന് ഇസ്രായേൽ നാഷനൽ ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്തു. ഒക്‌ടോബർ ഏഴിന് ഹമാസ് ആക്രമണമുണ്ടായ സൂപ്പർനോവ ഫെസ്റ്റിവൽ നടന്ന സ്ഥലത്തുനിന്നാണ് ബുധനാഴ്ച രാവിലെ മാർച്ച് ആരംഭിച്ചത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിർത്തലിന് വഴിയൊരുക്കുന്ന കരാർ സംബന്ധിച്ച് ഖത്തറിൽ ഹമാസ്, ഇസ്രായേൽ മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെയാണ് മാർച്ച്.

40 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം 400 ഫലസ്തീനികളെ വിട്ടയക്കുകയെന്ന വ്യവസ്ഥയിൽ ആറാഴ്ചത്തേക്ക് താൽക്കാലികമായി വെടിനിർത്തുന്നതാണ് കരാർ. ഇസ്രായേലുമായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും എന്നാൽ, പോരാട്ടം തുടരാൻ തയാറാണെന്നും ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യ പറഞ്ഞു. ഗസ്സയിലെ പട്ടിണി അവസാനിപ്പിക്കാനും ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി പ്രതിരോധത്തിന്റെ അച്ചുതണ്ട് ഒരുക്കാനും അറബ് രാജ്യങ്ങൾ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.

റമദാനിന്റെ ആദ്യ ദിനത്തിൽ പ്രാർഥനക്കായി അൽ-അഖ്‌സ പള്ളിയിലേക്ക് മാർച്ച് ചെയ്യാൻ ജറൂസലമിലെയും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെയും ഫലസ്തീനികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 

Tags:    
News Summary - Hostage families set out on four-day march from Supernova massacre site to Jerusalem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.