ബെയ്ജിങ്: വർഷങ്ങൾക്കിടെ വീശിയടിച്ച ഏറ്റവും തീവ്ര ചുഴലിക്കൊടുങ്കാറ്റായ റഗാസയിൽ മുങ്ങി ഹോങ്കോങ്ങും തായ്വാനും ഫിലിപ്പീൻസും ദക്ഷിണ ചൈനയും. തായ്വാനിൽ കനത്ത മഴയിൽ താൽക്കാലിക തടാകം തകർന്ന് 17 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. പാലം ഒലിച്ചുപോയതോടെ ഗ്വാങ്ഫു പട്ടണത്തിൽ വാഹനങ്ങൾ ഒലിച്ചുപോയി. ഇവിടെ 32 പേർക്ക് പരിക്കേറ്റു.
വടക്കൻ ഫിലിപ്പീൻസിൽ വൻ തിരമാലയിൽ ബോട്ടുമറിഞ്ഞ് ഏഴ് മത്സ്യത്തൊഴിലാളികളടക്കം 10 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചു മത്സ്യത്തൊഴിലാളികളെ കാണാതായി. 241 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയടിച്ച തെക്കൻ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിൽ 19 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. മുന്നറിയിപ്പിനെ തുടർന്ന് സ്കൂളുകൾ, ഫാക്ടറികൾ, ഗതാഗത സേവനങ്ങൾ എന്നിവയെല്ലാം നിർത്തി.
ബുധനാഴ്ച പുലർച്ചെ ഹോങ്കോങ്ങിൽ കരതൊട്ട റഗാസയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ പറ്റി. 90 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഹോങ്കോങ്ങിലും മക്കാവോയിലും വിമാന സർവിസുകൾ നിർത്തിവെച്ചിരുന്നു. കടകൾ അടച്ചിട്ടു. ആളുകൾ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടി. മീറ്ററുകൾ ഉയർന്നുപൊങ്ങിയ തിരമാലകൾ തെരുവുകളിലും കടകളിലും വൻനാശം വിതച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.