കൊൽക്കത്ത: പശ്ചിമ ബംഗാളിലെ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും അനധികൃത കുടിയേറ്റക്കാർക്കായി “ഹോൾഡിംഗ് സെന്ററുകൾ” സ്ഥാപിക്കാൻ നിർദേശം നൽകി മുഖ്യമന്ത്രി സുവേന്ദു അധികാരി. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക എന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
സംസ്ഥാന ആഭ്യന്തര വകുപ്പ് ശനിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക നിർദ്ദേശത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റുമാർക്ക് ഇതിനായുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശികൾ, റോഹിങ്ക്യകൾ, കൂടാതെ ജയിൽ ശിക്ഷ കഴിഞ്ഞിട്ടും നാടുകടത്തൽ നടപടികൾ പൂർത്തിയാകാത്ത വിദേശ തടവുകാർ എന്നിവരെ പാർപ്പിക്കാനാണ് ഈ താൽക്കാലിക കേന്ദ്രങ്ങൾ.
സുവേന്ദു അധികാരി പ്രഖ്യാപിച്ച പുതിയ നിയമപ്രകാരം,പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ ഇനിമുതൽ പ്രാദേശിക കോടതികളിൽ ഹാജരാക്കില്ല. പകരം സംസ്ഥാന പൊലീസോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സോ കസ്റ്റഡിയിലെടുക്കുന്ന നുഴഞ്ഞുകയറ്റക്കാരെ നേരിട്ട് ബോർഡർ സെക്യൂരിറ്റി ഫോഴ്സിന് കൈമാറുന്നതായിരിക്കും. ബി.എസ്.എഫ് ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അതിർത്തി സുരക്ഷാസേനയുമായി ചർച്ച നടത്തി ഇവരെ അതിർത്തി കടത്തിവിടും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2025 മെയ് മാസത്തിൽ കുടിയേറ്റക്കാരെ നേരിട്ട് ബി.എസ്.എഫിന് കൈമാറണമെന്ന് വ്യക്തമാക്കി സംസ്ഥാനത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ മുൻപ് അധികാരത്തിലിരുന്ന തൃണമൂൽ കോൺഗ്രസ് സർക്കാർ ഇത് നടപ്പിലാക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി കുറ്റപ്പെടുത്തി.
സി.എ.എയുടെ പരിധിയിൽ വരാത്തവർ പൂർണ്ണമായും നിയമവിരുദ്ധ കുടിയേറ്റക്കാരാണ്. സംസ്ഥാന പൊലീസ് അവരെ കസ്റ്റഡിയിലെടുത്ത് ബി.എസ്.എഫിന് കൈമാറും. അതിർത്തി രക്ഷാ സേന ബംഗ്ലാദേശുമായി ഏകോപിപ്പിച്ച് അവരെ നാടുകടത്തും. കണ്ടെത്തുക, ഇല്ലാതാക്കുക, നാടുകടത്തുക- അധികാരി പറഞ്ഞു.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഈ കേന്ദ്ര നിർദ്ദേശം കർശനമായി നടപ്പിലാക്കാൻ തുടങ്ങിയത്. ഇതിന്റെ ഭാഗമായി അതിർത്തിയിൽ മതിൽ കെട്ടുന്നതിനായി 27 കിലോമീറ്റർ ഭൂമി സംസ്ഥാന സർക്കാർ ബി.എസ്.എഫുമായി ചർച്ച ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.