ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്ദിറിൽ അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുന്ന പ്രശസ്ത സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനോട് സമരം അവസാനിപ്പിക്കാനും സർക്കാർ ചർച്ചക്ക് തയാറാകണമെന്നും അഭ്യർഥിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ബുധനാഴ്ച പ്രക്ഷോഭകർക്ക് അയച്ച തുറന്ന കത്തിലാണ് തരൂർ ഈ അഭ്യർഥന നടത്തിയത്. വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത് സർക്കാറിന്റെ ബലഹീനതയല്ലെന്നും മറിച്ച് ഭരണാധികാരത്തിന്റെ ഔന്നിത്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ജൂലൈ 20ന് പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കെ, ജനാധിപത്യത്തിന്റെ പരമോന്നത വേദിയായ പാർലമെന്റിൽ വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്തിന് അവസരമുണ്ടാകുമെന്ന് തരൂർ ചൂണ്ടിക്കാട്ടി. മരണം വരെയുള്ള ഉപവാസ സമരത്തിലൂടെയല്ല, മറിച്ച് പാർലമെന്റിലാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്നും ദയവായി അഭ്യർഥന സ്വീകരിക്കണമെന്നും ശശി തരൂർ കത്തിലൂടെ ചൂണ്ടിക്കാട്ടി.
സാധാരണക്കാരനായ പത്രപ്രവർത്തകന്റെ മകനായി വളർന്ന് കഠിനാധ്വാനത്തിലൂടെയും സ്കോളർഷിപ്പിലൂടെയും ജീവിതം കെട്ടിപ്പടുത്ത സ്വന്തം അനുഭവം പങ്കുവെച്ചാണ് തരൂർ വിദ്യാർഥികളെ അഭിസംബോധന ചെയ്തത്. സാധാരണ കുടുംബങ്ങളിലെ കുട്ടികൾക്ക് മുന്നേറാനുള്ള ഏക വഴി സുതാര്യമായ പരീക്ഷകളും യോഗ്യതയുമാണ്. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകൾ റദ്ദാക്കലുമെല്ലാം സാധാരണക്കാരുടെ സ്വപ്നങ്ങളെയാണ് തകർക്കുന്നതെന്നും ജന്തർ മന്ദിറിലെ യുവാക്കളുടെ കോപം അച്ചടക്കമില്ലാത്തതുകൊണ്ടല്ലെന്നും വഞ്ചിക്കപ്പെട്ട ഒരു തലമുറയുടെ വേദനയാണെന്നും തരൂർ വ്യക്തമാക്കി.
നീറ്റ് ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനതാ പാർട്ടി' നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജൂൺ 28 മുതൽ സോനം വാങ്ചുക് ഉപവാസം ആരംഭിച്ചത്. നിലവിൽ 17 ദിവസമായി ഉപവാസമിരിക്കുന്ന വാങ്ചുകിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം 8.5 കിലോഗ്രാം ഭാരം കുറഞ്ഞ അദ്ദേഹം കഠിനമായ പേശി വേദനയും ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നുണ്ടെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഉപവാസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ശിവസേന (യു.ബി.ടി) തലവൻ ഉദ്ധവ് താക്കറെ, എ.എ.പി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.