ബെെറൂത്: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെ തെക്കൻ ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബിൻത് ജബെയ്‌ലിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഹിസ്ബുല്ല പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ മേഖലയിലെ തൗലിനിൽ നടന്ന വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 16-ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഗസ്സ മാതൃകയിൽ തെക്കൻ ലബനാനിലും ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. മാർച്ചിൽ ആരംഭിച്ച സംഘർഷത്തിൽ ലബനാനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 2,491 ആയി ഉയർന്നു. 7,719 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ കരാർ അർത്ഥശൂന്യമാണെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. കൊലപാതകങ്ങളും ഷെല്ലാക്രമണവും തുടരുമ്പോൾ വെടിനിർത്തലിന് പ്രസക്തിയില്ലെന്നും ഓരോ ഇസ്രായേൽ ആക്രമണത്തിനും തിരിച്ചടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്നും ഹിസ്ബുല്ല ചൂണ്ടിക്കാട്ടി.
അതേസമയം തെക്കൻ ലബനാനിൽ ഇസ്രായേൽ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഹിസ്ബുല്ല അറിയിച്ചു. ഇത് ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇസ്രായേൽ അതിർത്തിക്കുള്ളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഹിസ്ബുല്ല റോക്കറ്റ് ആക്രമണവും നടത്തി.
തെക്കൻ ലബനാനിലെ യാതർ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ പീരങ്കി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേർ ആമിസ് പട്ടണത്തിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇസ്രായേൽ സൈന്യം ജനങ്ങൾക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ ഏത് ഭീഷണിക്കെതിരെയും നടപടിയെടുക്കാൻ തങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും ഹിസ്ബുല്ല കരാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വാദം. ഗസ്സയിലേതിന് സമാനമായി ലബനാനിലും വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.