'ഇസ്രായേലിന്റെയും ഇന്ത്യയുടെയും മുഴുവൻ മനുഷ്യരാശിയുടെയും വീരനായകൻ'; ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രായേൽ പ്രസിഡന്റിന്‍റെ കത്ത്

ഫ്ലൈദുബൈ വിമാനത്തിലെ അക്രമണശ്രമം തടയുന്നതിനിടയിൽ ഗുരുതരമായി പരിക്കേറ്റ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രശംസിച്ച് ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് നേരിട്ട് കത്തയച്ചു. 'ഇസ്രായേലിന്റെയും ഇന്ത്യയുടെയും മുഴുവൻ മനുഷ്യരാശിയുടെയും വീരനായകൻ' എന്നാണ് അദ്ദേഹം സ്മിത് മച്ചാറെ വിശേഷിപ്പിച്ചത്. ആരോഗ്യനില വീണ്ടെടുത്ത ശേഷം അദ്ദേഹത്തിന് ഇസ്രായേലിന്റെ അഭിമാനകരമായ സിവിലിയൻ ഹീറോയിസത്തിനുള്ള പ്രസിഡൻഷ്യൽ അവാർഡ് സമ്മാനിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബർ 30-നാണ് ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് FZ1073 വിമാനത്തിൽ സംഭവം നടക്കുന്നത്. യാത്രക്കിടെ കോ-പൈലറ്റ് ക്യാപ്റ്റനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കടുത്ത പരിക്കുകൾ വകവെക്കാതെ ക്യാപ്റ്റൻ സ്മിത് മച്ചാർ കോക്ക്പിറ്റ് വാതിൽ തുറന്ന് ജീവനക്കാരുടെയും യാത്രക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴ്‌പ്പെടുത്തി വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയും ചെയ്തു.

നിലവിൽ അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാറുടെ ആരോഗ്യനില വേഗത്തിൽ മെച്ചപ്പെടട്ടെയെന്ന് പ്രസിഡന്റ് ഹെർസോഗ് ആശംസിച്ചു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി മാറിയ ശേഷം ജെറുസലേമിലേക്ക് വരാനും രാജ്യത്തിന്റെ സ്നേഹാദരവുകൾ വ്യക്തിപരമായി സ്വീകരിക്കാനും അദ്ദേഹം ക്ഷണിച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വിശുദ്ധ ഭൂമിയുടെ മോചനത്തിനായി പൊരുതിയ ഇന്ത്യൻ സൈനികരുടെ ചരിത്രപരമായ പാരമ്പര്യത്തോടാണ് ഹെർസോഗ് ഈ ധീരതയെ ഉപമിച്ചത്. ഈ സംഭവം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - hero of Israel, India and all of humanity Israeli President to Smith Machar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.