പാനമയെ കുലുക്കി വൻ ഭൂകമ്പം: പത്ത് പ്രവിശ്യകളിൽ നാശനഷ്ടം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പാനമ സിറ്റി: പാനമയെ പിടിച്ചുലച്ച ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെ ശക്തമായ തുടർചലനങ്ങൾ നിലയ്ക്കാത്ത സാഹചര്യത്തിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ഉണ്ടായ റിക്ടർ സ്കെയിലിൽ 7.7, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ രാജ്യത്തെ പത്ത് പ്രവിശ്യകളിലും രണ്ട് തദ്ദേശീയ സ്വയംഭരണ മേഖലകളിലും കനത്ത നാശനഷ്ടം വിതച്ചതായി അധികൃതർ വ്യക്തമാക്കി. ദുരന്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും 27 പേർക്ക് പരിക്കേറ്റതായി ദേശീയ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.
ഹെറേറ പ്രവിശ്യയിലെ പിതാലോസ അരിബയിൽ നിന്ന് 10 കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടർന്ന് 5.8, 5.5, 5.2 തീവ്രത രേഖപ്പെടുത്തിയവ ഉൾപ്പെടെ നൂറിലധികം തുടർചലനങ്ങളാണ് മേഖലയിൽ അനുഭവപ്പെട്ടത്. അയൽരാജ്യമായ കൊളംബിയയിലും പ്രകമ്പനം അനുഭവപ്പെട്ടു. തലസ്ഥാനമായ പാനമ സിറ്റിയിൽ ചേർന്ന വാർത്താസമ്മേളനത്തിൽ പ്രസിഡൻഷ്യൽ മന്ത്രി യുവാൻ കാർലോസ് ഒറിലാക് ആണ് അടിയന്തരാവസ്ഥ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നൂറുകണക്കിന് വീടുകൾ തകർന്നു; പള്ളികൾക്കും പാലങ്ങൾക്കും കേടുപാടുകൾ
വെരാഗ്വാസ്, ഹെറേറ, കോക്ലെ, ലോസ് സാന്റോസ് എന്നീ മധ്യ പ്രവിശ്യകളിലാണ് നാശനഷ്ടങ്ങൾ ഏറെയും കേന്ദ്രീകരിച്ചിരിക്കുന്നത്. ഏകദേശം 420 വീടുകളും അത്രതന്നെ സർക്കാർ സ്കൂളുകളും ഏഴ് ഹോട്ടലുകളും ഒൻപത് പാലങ്ങളും തകർന്നതായി ദുരന്തനിവാരണ ഏജൻസി വ്യക്തമാക്കി.
ലാ വില്ല ഡി ലോസ് സാന്റോസിൽ 1938-ൽ ദേശീയ പൈതൃകമായി പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ സാൻ അറ്റനാസിയോ കത്തോലിക്കാ ദേവാലയം ഭൂകമ്പത്തിൽ തകർന്നു വീണു. തീരപ്രദേശമായ ഇസ്‌ല കാനയിൽ കടൽക്ഷോഭവും തിരമാലകളും ശക്തമായതിനെ തുടർന്ന് മുന്നൂറോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കനത്ത ഭൂചലനത്തിലും കാര്യമായ ആൾനാശമുണ്ടാകാതിരുന്നത് പാനമയിലെ കർശനമായ കെട്ടിടനിർമാണ ചട്ടങ്ങൾ പാലിച്ചതുകൊണ്ടാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
വിമാന സർവീസുകൾ തടസ്സപ്പെട്ടു; സഹായഹസ്തവുമായി യു.എസ്
പാനമ സിറ്റിയിലെ തോക്കുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ലാറ്റിനമേരിക്കയിലെ വിവിധ വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി. എന്നാൽ വിമാനത്താവളം പിന്നീട് വീണ്ടും തുറന്നു. ആഗോള ചരക്കുനീക്കത്തിന്റെ പ്രധാന പാതയായ പാനമ കനാലിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുന്നതായി കനാൽ അതോറിറ്റി അറിയിച്ചു.
ഭൂകമ്പബാധിതർക്ക് സഹായവുമായി വിവിധ ലാറ്റിനമേരിക്കൻ രാജ്യങ്ങളും യു.എസും രംഗത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 5 ദശലക്ഷം ഡോളറിന്റെ അടിയന്തര മാനുഷിക സഹായം യു.എസ് പ്രഖ്യാപിച്ചു. ദുരന്തബാധിത മേഖലകളിലേക്ക് ഹെലികോപ്റ്ററുകൾ വഴി അവശ്യഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.