അംബാനിയുടെ ഇന്റർനെറ്റ് കൂലിപട്ടാളത്തിന്റെ വാദങ്ങൾ അസംബന്ധം; വീണ്ടും രൂക്ഷ വിമർശനവുമായി മസ്ക്

കാലിഫോർണിയ: സാറ്റലൈറ്റ് കമ്യൂണിക്കേഷൻ കമ്പനിയായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതി വൈകുന്നതിൽ വീണ്ടും മുകേഷ് അംബാനിക്കെതിരെ രൂക്ഷ വിമർശനവുമായി ഇലോൺ മസ്ക്. നിലവിലെ വിപണിയെയും റിലയൻസ് ജിയോയുടെ കുറഞ്ഞ നിരക്കുകളെയും ന്യായീകരിക്കുന്നവരെ 'അംബാനിയുടെ ഇന്റർനെറ്റ് കൂലിപട്ടാള'മെന്ന് വിശേഷിപ്പിച്ച  മസ്ക് ഇവരുടെ വാദങ്ങൾ അസംബന്ധമെന്നാണ് ആരോപിച്ചിരിക്കുന്നത്. കൂടുതൽ മത്സരം ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രയോജനം നൽകുമെന്നും മസ്ക് തന്റെ എക്സ് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഇന്റർനെറ്റ് സേവനങ്ങൾ വ്യാപകമായി ലഭ്യമാണെന്നും വിലകുറഞ്ഞതാണെന്നുമുള്ള വാദത്തെ ചോദ്യം ചെയ്ത മാച്ച്33 ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ സി.ഇ.ഒ ആരോൺ ബർനെറ്റിന്റെ പോസ്റ്റിന് മറുപടി നൽകവെയാണ് മസ്കിന്റെ പുതിയ വിമർശനം. ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലകുറഞ്ഞതാണെന്നുള്ള ധാരണ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും എന്നാൽ ഫിക്സഡ് ബ്രോഡ്ബാൻഡ് വ്യാപനം വളരെ കുറവുമാണെന്നായിരുന്നു ബർനെറ്റിന്റെ വാദം.

"അംബാനിയുടെ ഇന്റർനെറ്റ് കൂലി പട്ടാളക്കാരുടെ പരിഹാസ്യമായ വാദങ്ങൾക്ക് യാതൊരു അർത്ഥവുമില്ല. ഒരുവശത്ത്, ഇന്ത്യയിലെ അംബാനിയുടെ കുത്തക വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ നിരക്കുകളോട് സ്റ്റാർലിങ്കിന് മത്സരിക്കാൻ കഴിയില്ലെന്ന് അവർ പറയുന്നു. അതേസമയം തന്നെ, സ്റ്റാർലിങ്ക് വളരെ ശക്തനായ എതിരാളിയായി മാറുമെന്നും അവർ അവകാശപ്പെടുന്നു! ഇത് അസംബന്ധവും അതിശയോക്തിയുമാണ്. എന്നാൽ ശരാശരി ഇന്ത്യൻ പൗരന്മാർക്ക് കൂടുതൽ മത്സരം കൂടുതൽ തെരഞ്ഞെടുപ്പുകൾ നൽകി പ്രയോജനം നൽകുമെന്നതെന്നതാണ് യാഥാർഥ്യം," മസ്ക് എക്‌സിൽ എഴുതി.

സ്റ്റാർലിങ്കിന്റെ കടന്നുവരവ് അംബാനിക്ക് ലാഭം കുറച്ചേക്കാമെങ്കിലും അദ്ദേഹത്തിന്റെ കമ്പനി പൂട്ടിപോകില്ലെന്നും മസ്ക് പറഞ്ഞു. ഉപഭോക്താക്കൾക്ക് സേവനം വളരെ ചെലവേറിയതാണെന്ന് തോന്നിയാൽ സ്പേസ് എക്‌സിന് തങ്ങളുടെ നിരക്കും കുറക്കേണ്ടി വരുമെന്നും മസ്ക് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസവും മസ്ക് അംബാനിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. “പ്രിയ പ്രധാനമന്ത്രി അംബാനി, നിങ്ങളാണ് ഇന്ത്യയിലെ യഥാർഥ ബോസ് എന്ന് മനസിലാക്കാൻ കഴിയാത്തതിൽ എന്റെ ക്ഷമാപണം സ്വീകരിക്കുക. മഹത്തായ ഇന്ത്യൻ ജനതയെ ചൂഷണം ചെയ്യുന്ന നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ തന്നെയാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. എങ്കിലും സ്റ്റാർലിങ്കിനെ മത്സരിക്കാൻ അനുവദിക്കുന്നത് നിങ്ങൾ പരിഗണിക്കുമോ?” എന്നായിരുന്നു മസ്കിന്റെ വിമർശനം. നേരത്തെ, ചില സമ്പന്ന പ്രഭുക്കന്മാർ രാജ്യത്ത് സ്റ്റാർലിങ്കിനെ തടയുകയാണെന്നും ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന കുറ്റകൃത്യമാണെന്നും മസ്ക് ആരോപിച്ചിരുന്നു.

Tags:    
News Summary - Absurd hypocrisy: Elon Musk's fresh swipe at Ambani's 'internet shills' over Starlink

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.