‘ദയവായി രക്ഷിക്കൂ, ഞങ്ങൾ മുങ്ങുകയാണ്’; യു.എസ് ആക്രമണത്തിൽ കപ്പൽ തകർന്ന ഇന്ത്യൻ നാവികരുടെ ശബ്ദസന്ദേശം പുറത്ത്

ന്യൂഡൽഹി: ഒമാൻ തീരത്ത് വെച്ച് യു.എസ് മിസൈലാക്രമണത്തിന് ഇരയായ എണ്ണക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ അടിയന്തര രക്ഷാസന്ദേശം പുറത്ത്. "ദയവായി ഞങ്ങളെ രക്ഷിക്കൂ, കപ്പലിന് തീപിടിച്ച് മുങ്ങിക്കൊണ്ടിരിക്കുകയാണ്," എന്ന് ജീവനക്കാർ പറയുന്ന അടിയന്തര സന്ദേശം ബി.ബി.സിയാണ് പുറത്തുവിട്ടത്.

ഇറാൻ തുറമുഖങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ 'മാരിവെക്സ്' എന്ന കപ്പലിന് നേരെയാണ് അമേരിക്കൻ സൈന്യം മിസൈലാക്രമണം നടത്തിയത്. യു.എസ് നിർദേശങ്ങൾ പാലിക്കാൻ കപ്പൽ തയാറാകാതിരുന്നതിനെത്തുടർന്നാണ് ആക്രമിച്ചതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. അപകടത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരെയും ഒമാൻ സൈന്യം വിജയകരമായി രക്ഷപെടുത്തിയതായി ഇന്ത്യൻ അധികൃതർ അറിയിച്ചു.

ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ ആക്രമണത്തെ തുടർന്ന് കപ്പലിന് തകരാർ സംഭവിച്ചതെല്ലാം പറയുന്നുണ്ട്. "സർ, ഇത് മോട്ടോർ ടാങ്കർ മാരിവെക്സ് ആണ്. ഞങ്ങളുടെ കപ്പലിന് തീപിടിച്ചിരിക്കുന്നു, കപ്പൽ മുങ്ങുകയാണ്. യു.എസ് നേവി ആക്രമിച്ചു, എഞ്ചിൻ റൂമിലാണ് മിസൈൽ പതിച്ചത്. കപ്പലിന്റെ അടിഭാഗത്ത് വലിയ തുള വീണിട്ടുണ്ട്. 24 ജീവനക്കാരുണ്ട്, എല്ലാവരും ഇന്ത്യക്കാരാണ്. ദയവായി എത്രയും വേഗം സഹായിക്കൂ, ഞങ്ങൾക്ക് അടിയന്തര സഹായം വേണം." എന്നായിരുന്നു സന്ദേശത്തിൽ പറയുന്നത്.

ഇന്ത്യൻ സമയം ഉച്ചക്ക് 2.15 ഓടെയാണ് ഈ സന്ദേശം ലഭിച്ചതെന്ന് യൂണിയൻ പറഞ്ഞു. ഈ സമയം ഒമാൻ തീരത്തുനിന്ന് ഏകദേശം 28 കിലോമീറ്റർ അകലെയായിരുന്നു കപ്പൽ ഉണ്ടായിരുന്നത്. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹുർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെത്തുടർന്ന് യു.എസ് സൈന്യം ഇറാൻ തുറമുഖങ്ങൾക്ക് മേൽ കർശന ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ ഉപരോധം ലംഘിച്ചതിനെത്തുടർന്ന് യു.എസ് തകർക്കുന്ന ഏഴാമത്തെ കപ്പലാണ് മാരിവെക്സ്.

യു.എസ് വിമാനവാഹിനിക്കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നിന്ന് പറന്നുയർന്ന എഫ്-18 സൂപ്പർ ഹോർനെറ്റ് യുദ്ധവിമാനമാണ് കപ്പലിന്റെ എഞ്ചിനും സ്റ്റിയറിങ് ഭാഗങ്ങളും ലക്ഷ്യമാക്കി മിസൈൽ തൊടുത്തത്. ആക്രമണ സമയത്ത് കപ്പലിൽ എണ്ണ ഉണ്ടായിരുന്നില്ലെന്ന് ഇന്ത്യൻ ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചു. മിനിറ്റുകൾക്കകം കപ്പലിന് മുകളിലെത്തിയ രക്ഷാപ്രവർത്തകർ കപ്പലിൽ നിന്ന് ജീവനക്കാരെ ഓരോരുത്തരെയായി ഹെലികോപ്റ്ററിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ഇവരെ പിന്നീട് സുരക്ഷിതമായി മസിറ ദ്വീപിലെത്തിച്ചു. 

Tags:    
News Summary - 'Help, Ship Is Sinking': Indian Crew's Distress Call After US Missile Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.