കൊലക്കുറ്റത്തിന് 27 വർഷം ജയിലിൽ; ഒടുവിൽ കോടതി കണ്ടെത്തി, പ്രതി നിരപരാധിയാണ്

ബെയ്ജിങ്: കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് 27 വർഷമായി ജയിലിൽ കഴിയുന്നയാൾ നിപരാധിയാണെന്ന് കോടതി കണ്ടെത്തി. ചൈനയിലെ ജിയാങ്സി പ്രവിശ്യയിലെ സാങ് യുഹാൻ (53) എന്നയാളാണ് ഇത്രയേറെ കാലം ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടിവന്നത്.

രണ്ട് ആൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 1993ലാണ് സാങ് യുഹാൻ അറസ്റ്റിലാകുന്നത്. ഇയാളുടെ അയൽക്കാരായിരുന്നു കൊല്ലപ്പെട്ട കുട്ടികൾ.

താനല്ല കൊലചെയ്തതെന്ന് പറഞ്ഞെങ്കിലും പൊലീസ് ക്രൂരമായ മർദനത്തിലൂടെ സാങ്ങിനെ കൊണ്ട് കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. കുറ്റം സമ്മതിപ്പിക്കാനായി പട്ടികളെ കൊണ്ട് കടിപ്പിക്കുക വരെ ചെയ്തതതായി ഇദ്ദേഹം പറയുന്നു.

1995ൽ കുറ്റസമ്മതം മുൻനിർത്തി കോടതി പ്രതിയെ വധശിക്ഷക്ക് വിധിച്ചു. പിന്നീട് ഇത് ജീവപര്യന്തമാക്കുകയായിരുന്നു. താൻ നിരപരാധിയാണെന്ന് സാങ് ആവർത്തിച്ച് പറഞ്ഞിട്ടും മേൽക്കോടതികൾ അംഗീകരിച്ചില്ല.

സാങ് യുവാനും കുടുംബവും നടത്തിയ നിയമയുദ്ധത്തിനൊടുവിൽ കഴിഞ്ഞ വർഷം മാർച്ചിൽ കേസ് പുനപരിശോധിക്കാൻ ജിയാങ്സി സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു. തുടർന്നാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്.



 

വിശദാംശങ്ങൾ പുനപരിശോധിച്ചപ്പോൾ പ്രതിക്ക് കൊലപാകവുമായി നേരിട്ട് ബന്ധമില്ലെന്ന് കണ്ടെത്താൻ കഴിഞ്ഞതായി കോടതി വിധിയിൽ പറഞ്ഞു.

സാങ് യുഹാന് സർക്കാരിൽ നിന്ന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാമെന്ന് പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്യുന്നു.

കുറ്റമുക്തനായ സാങ് യുഹാനെ സ്വീകരിക്കാൻ മാതാവും ആദ്യഭാര്യയും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. 11 വർഷം മുമ്പ് വിവാഹ മോചനം നേടിയിരുന്നെങ്കിലും ആദ്യ ഭാര്യ സാങ്ങിന് വേണ്ടി നിയമപോരാട്ടത്തിന് മുൻപന്തിയിലുണ്ടായിരുന്നു.

അക്രമങ്ങളിലൂടെ നിരപരാധികളെ കേസിൽ പെടുത്തുന്ന പൊലീസ് രീതി ചൈനയിൽ ഏറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് ശബ്ദം ഉയരുന്ന സാഹചര്യത്തിൽ സാങ് യുഹാന്‍റെ ജയിൽ മോചന വാർത്തക്ക് ഏറെ പ്രാധാന്യമാണ് ലഭിച്ചത്. 




 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.