സൊഹ്റാൻ മംദാനി, എറിക് ട്രംപ്
വാഷിങ്ടൺ: ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനി ഇന്ത്യൻ ജനതയെ വെറുക്കുന്നയാളാണെന്ന് ഡോണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അമേരിക്കൻ നഗരങ്ങളെ ഇടത് ആശയങ്ങൾ കൊണ്ട് പുനഃക്രമീകരിക്കാനാണ് മംദാനിയുടെ ശ്രമമെന്നും എറിക് ട്രംപ് വിമർശിച്ചു.
സോഷ്യലിസത്തിൽ അധിഷ്ടിതമായ മംദാനിയുടെ നയം മൂലം വൻകി കോർപ്പറേഷനുകളാണ് ദുരിതത്തിലാവാൻ പോകുന്നത്. ഇതുവരെ ലോകത്തിലെ മഹത്തായ നഗരങ്ങളിൽ ഒന്നായിരുന്നു ന്യൂയോർക്ക്. ഇനി പദവി ന്യൂയോർക്കിന് നഷ്ടമാകും. രാഷ്ട്രീയം കൊണ്ടായിരിക്കും ഇത് നഷ്ടപ്പെടുകയെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിനെ സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നഗരമായി മംദാനി പ്രഖ്യപിച്ചു. നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞു. ജൂത, ഇന്ത്യൻ ജനവിഭാഗങ്ങളെ താൻ വെറുക്കുന്നുവെന്നും പറഞ്ഞുവെന്നും എറിക് ട്രംപ് ആരോപിച്ചു.
അതേസമയം, ന്യൂയോർക് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്റാൻ മംദാനിയെ കാണുമെന്ന് സൂചന നൽകി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിച്ചും താൻ ഭരിക്കുന്ന ന്യൂയോർക് സിറ്റിയെ സാമ്പത്തികമായി പൂട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയും മംദാനിക്കെതിരെ നിരന്തരം ശബ്ദിച്ചുകൊണ്ടിരുന്നതിനൊടുവിലാണ് വിശദമായ പദ്ധതികൾ തയാറാക്കാൻ തമ്മിൽ കാണുമെന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനം.
ഡെമോക്രാറ്റുകളിലെ പുതിയ താരോദയമായ മംദാനിയെ നാടുകടത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ജനപ്രിയ രാഷ്ട്രീയ നേതാവായി ഉയർന്നുവന്ന മംദാനി തെരഞ്ഞെടുപ്പ് കാലത്ത് ജനപ്രിയ പദ്ധതികൾ അവതരിപ്പിച്ചാണ് അമേരിക്കൻ തലസ്ഥാന നഗരത്തിന്റെ മേയർ പദവിയിലെത്തുന്നത്.
ട്രംപ് പിന്തുണച്ച മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ ഒമ്പതു ശതമാനം വോട്ട് അധികം നേടിയാണ് മംദാനി വീഴ്ത്തിയത്. പ്രസിഡന്റിനെ എങ്ങനെ പരാജയപ്പെടുത്തണമെന്നാണ് ന്യൂയോർകിൽ താൻ കാണിച്ചുതന്നതെന്നായിരുന്നു മംദാനിയുടെ വിജയാഘോഷ പ്രസംഗം. അതേസമയം, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ കുറിച്ച് മംദാനിയോ അദ്ദേഹത്തിന്റെ വക്താക്കളോ പ്രതികരിച്ചിട്ടില്ല. വെനിസ്വേല പ്രസിഡന്റ് നികൊളാസ് മദൂറോയുമായും കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തേ ട്രംപ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.