ലണ്ടൻ: വിദേശ വിനോദസഞ്ചാര കപ്പലായ എം.വി ഹോണ്ടിയസിൽ പടർന്നുപിടിച്ച ഹന്താവൈറസ് ബാധയിൽ മൂന്ന് മരണം. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാരടക്കം 150 ഓളം പേർ നിരീക്ഷണത്തിലാണ്. നിലവിൽ അഞ്ച് പേർക്ക് രോഗം സ്ഥിരീകരിക്കുകയും മൂന്ന് പേർ മരണപ്പെടുകയും ചെയ്തതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു.
അർജന്റീനയിലെ ഉഷുവായയിൽനിന്ന് ഏപ്രിൽ ഒന്നിന് യാത്ര തിരിച്ച കപ്പലിലാണ് വൈറസ് ബാധയുണ്ടായത്. യാത്രയ്ക്കിടെ രോഗബാധയേറ്റ 69 വയസ്സുള്ള ഡച്ച് വനിതയും അവരുടെ ഭർത്താവും ഒരു ജർമ്മൻ യാത്രക്കാരനും മരിച്ചിരിന്നു. ഡച്ച് പൗരൻ കപ്പലിൽ വെച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് സൗത്ത് അറ്റ്ലാന്റിക്കിലെ സെന്റ് ഹെലീന ദ്വീപിൽ ഇറക്കി. വൈറസ് ബാധ സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ ചികിത്സയിലാണ്.കപ്പലിലെ ജോലിക്കാരായ രണ്ട് ഇന്ത്യക്കാരുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അധികൃതർ ഇവരെ നിരീക്ഷിച്ചു വരികയാണ്.
ഹന്താവൈറസ് ബാധ കോവിഡ് പോലെയോ ഇൻഫ്ലുവൻസ പോലെയോ അല്ല പടരുന്നതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കി. ഇതിന് ആഗോളതലത്തിൽ ഒരു മഹാമാരിയാകാനുള്ള ശേഷിയില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു.എച്ച്.ഒ പബ്ലിക് ഹെൽത്ത് വിഭാഗം അറിയിച്ചു. എങ്കിലും, കപ്പലിൽ കണ്ടെത്തിയ 'ആൻഡീസ് സ്ട്രെയിൻ' മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പരിമിതമായ രീതിയിൽ പകരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയാണ് പുലർത്തുന്നത്.
കപ്പലിലുള്ളവർക്ക് മാസ്ക് നിർബന്ധമാക്കുകയും രോഗികളെ പരിചരിക്കുന്നവർക്ക് പ്രത്യേക സുരക്ഷ കിറ്റുകൾ നൽകുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായ യാത്രക്കാരുമായി അടുത്തിടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ ഊർജിതമാക്കി.
ഏപ്രിൽ 24ന് സെന്റ് ഹെലീന ദ്വീപിൽ 29 യാത്രക്കാർ കപ്പലിൽനിന്ന് ഇറങ്ങിയിട്ടുണ്ട്. ബ്രിട്ടൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇവരെ കണ്ടെത്താനും നിരീക്ഷിക്കാനും ആരോഗ്യ അധികൃതർ നടപടി തുടങ്ങി. കപ്പൽ മേയ് 10ഓടെ സ്പെയിനിലെ കാനറി ഐലൻഡിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ 28 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. ഇതിൽ ഫിലിപ്പീൻസ്, യുകെ, യു.എസ്.എ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഭൂരിഭാഗവും. ആർ.ടി.പി.സി.ആർ പരിശോധനകളിലൂടെയും ജീനോമിക് സീക്വൻസിങ്ങിലൂടെയും വൈറസിന്റെ വ്യാപന രീതിയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.