ഗസ്സ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെ രണ്ട് ബന്ദികളുടെ ജീവൻ അപകടത്തിലാവുമെന്ന മുന്നറിയിപ്പുമായി ഹമാസ്. സംഘടനയുടെ ഖ്വാസിം ബ്രിഗേഡാണ് മുന്നറിയിപ്പ് നൽകിയത്. ഒമ്രി മിരാൻ, മതൻ ആംഗ്രെസ്റ്റ് എന്ന ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്തെ പോരാളികളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
രണ്ട് ബന്ദികളുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് അധിനിവേശ സേനയിൽ നിന്നുണ്ടാവുന്നത്. ഗസ്സയിലെ സൗത്ത് റോഡ് 8 ൽ നിന്ന് സേന ഉടൻ തന്നെ പിൻവാങ്ങണമെന്നും ഹമാസ് ആവശ്യപ്പെട്ടു.ഇസ്രായേലിന്റെ 48 ബന്ദികൾ ഇപ്പോഴും ഗസ്സയിലാണ്. ഇതിൽ 20 പേരെങ്കിലും ജീവിച്ചിരിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. എങ്കിലും ഗസ്സയിലെ ആക്രമണം നിർത്താൻ ഇതുവരെ ഇസ്രായേൽ തയാറായിട്ടില്ല. ഇതിനിടയിലാണ് വീണ്ടും മുന്നറിയിപ്പുമായി ഹമാസ് രംഗത്തെത്തുന്നത്.
അതേസമയം, ഖത്തർ, ഈജിപ്ത് തുടങ്ങി മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളിൽ നിന്നൊന്നും വെടിനിർത്തൽ കരാർ സംബന്ധിച്ച നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ് അറിയിച്ചു. എന്നാൽ, ഇത്തരം നിർദേശങ്ങൾ ലഭിക്കുകയാണെങ്കിൽ അത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഹമാസ് അറിയിച്ചു.
ഗസ്സ സിറ്റി: ഭക്ഷണം ലഭിക്കാതെ ലക്ഷങ്ങൾ കുരുങ്ങിക്കിടക്കുന്ന ഗസ്സ സിറ്റിയിൽ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ രണ്ടുതവണകളിലായി നടത്തിയ ആക്രമണങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. ആദ്യ ആക്രമണത്തിൽ വീടിനുമേൽ ബോംബ് വർഷിച്ച് കുടുംബത്തിലെ ഒമ്പതുപേരെയും മറ്റൊരു സമാന ബോംബിങ്ങിൽ സ്ത്രീകളും കുട്ടികളുമടക്കം 13 പേരുമാണ് കൊല്ലപ്പെട്ടത്. അഭയാർഥികൾ കഴിഞ്ഞ വീട് ആക്രമിച്ച് അഞ്ചുപേരെയും ഇസ്രായേൽ കൊന്നു. ഗസ്സയിൽ ചുരുങ്ങിയത് 40ലേറെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ, മരണസംഖ്യ 66,000 പിന്നിട്ടു. അതിനിടെ, ഖാൻ യൂനുസിൽ ഭക്ഷണം കിട്ടാതെ രണ്ടരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരണത്തിന് കീഴടങ്ങി. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ലക്ഷ്യമിട്ട് ഇസ്രായേൽ ടാങ്കുകളും കവചിത വാഹനങ്ങളും നീങ്ങുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. 159 രോഗികൾ ഇവിടെ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.