ഷിരി ബിബാസിന്റെ മൃതദേഹം ഇസ്രായേൽ വ്യോമാക്രമണത്തിൽ മറ്റ് മൃതദേഹാവശിഷ്ടങ്ങളുമായി കലർന്നതായി ഹമാസ്

ഗസ്സ സിറ്റി: ഇസ്രായേലി ബന്ദിയായ ഷിരി ബിബാസിന്റെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ഇസ്രായേൽ വ്യോമാക്രമത്തിൽ ചിതറിയ മറ്റ് മൃതദേഹ അവശിഷ്ടങ്ങളുമായി കലർന്നുവെന്ന് കരുതുന്നതായി ഹമാസ്.

കഴിഞ്ഞ ദിവസം  ഹമസാസ് കൈമാറിയ ഇസ്രായേൽ തടവുകാരുടെ നാലു മൃതദേഹങ്ങളിൽ ഒന്ന് ഷിരി ബിബാസിന്റേതല്ലെന്നും ശരിയായ മൃതദേഹം ഹമാസ് തിരികെ നൽകണമെന്നും ഇസ്രായേൽ സൈന്യം അവകാശപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഹമാസ് അതിന് വലിയ വിലയൊടുക്കേണ്ടി വരുമെന്ന പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഭീഷണിയും വന്നു.

2023 ഒക്‌ടോബർ 7ന് ഹമാസിന്റെ നടപടിയിൽ ഗസ്സയിൽ തടവിലായിരിക്കെ കൊല്ലപ്പെട്ട ഏരിയൽ, കഫീർ എന്നീ കുട്ടികളുടെയും അവരുടെ മാതാവായ ഷിരി ബിബാസിന്റെയും ഒപ്പം മറ്റൊരാളായ ഒഡെഡ് ലിഫ്‌ഷിറ്റസിന്റെയും മൃതദേഹം ആണ് കൈമാറുന്നതെന്നും നാലു പേരും ഇസ്രായേലിന്റെ ഗസ്സ ആക്രമണത്തിലാണ് കൊല്ല​പ്പെട്ടതെന്നും കൈമാറ്റവേളയിൽ ഹമാസ് പുറത്തുവിട്ടിരുന്നു. 

ഷിരി ബിബാസിന് പകരം ഗസ്സ സ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിൽ വെച്ചുകൊണ്ട് ഹമാസ് ‘പറയാനാവാത്തവിധം അപകീർത്തികരമായ രീതിയിൽ’ പ്രവർത്തിച്ചതായി ആരോപിച്ച്
നെതന്യാഹു രംഗത്തുവന്നു. ഇതിനു പിന്നാലെയാണ് ഹമാസിന്റെ വിശദീകരണം.

അതിനിടെ, വെടിനിർത്തൽ ലംഘിച്ച് ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഫലസ്തീൻ യുവതി കൊല്ലപ്പെട്ടു. തെക്കൻ ഗസ്സ മുനമ്പിലെ റഫ യിൽ ഇസ്രായേൽ സൈന്യം ഒരു ഫലസ്തീൻ സ്ത്രീയെ കൊലപ്പെടുത്തിയതായി അൽ ജസീറയാണ് റിപ്പോർട്ട് ചെയ്തത്.

വെസ്റ്റ്ബാങ്കിൽ വർധിച്ചുവരുന്ന ഇസ്രായേലി അക്രമങ്ങൾ കുട്ടികളിൽ വിനാശകരമായ സ്വാധീനം ചെലുത്തുന്നതായി ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (ഐ.ആർ.സി) പ്രസ്താവിച്ചു. 2023 ജനുവരി മുതൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ കുറഞ്ഞത് 224 ഫലസ്തീൻ കുട്ടികളെങ്കിലും കൊല്ലപ്പെട്ടു. അക്രമത്തിന്റെ ഈ കുതിച്ചുചാട്ടം കടുത്ത ആഘാതമേൽപിക്കുകയും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്നായ ജെനിനിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിൽനിന്ന് ഐ.ആർ.സിയെയും പങ്കാളികളെയും തടയുകയും ചെയ്യുന്നു - പ്രസ്താവനയിൽ വ്യക്തമാക്കി.

ഈ വർഷം ജനുവരി മുതൽ ജെനിൻ സിറ്റിയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ ഐ.ആർ.സിയും ടി.സി.സിയും നിർബന്ധിതരായി. ഇത്  നൂറുകണക്കിന് കുട്ടികളുടെ അവശ്യ പഠനം ഇല്ലാതാക്കുന്നു. വിമാന ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സൈനിക പ്രവർത്തനങ്ങൾ സുപ്രധാന സേവനങ്ങൾ സുരക്ഷിതമായി എത്തിക്കുന്നത് അസാധ്യമാക്കിയിരിക്കുന്നുവെന്നും ഐ.ആർ.സി ചൂണ്ടിക്കാട്ടി.


Tags:    
News Summary - Hamas says the body of the captive appears to have been mixed with other human remains in Israeli air strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.