ഇസ്താംബുൾ: ഹമാസിനെ ഞങ്ങൾ തീവ്രവാദസംഘടനയായി കാണുന്നില്ലെന്ന് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. പ്രതിരോധ പ്രസ്ഥാനമായാണ് ഹമാസിനെ തുർക്കിയ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനുമായി ബന്ധപ്പെട്ട യു.എൻ സമ്മേളനത്തിന് മുമ്പായി ഫോക്സ് ന്യൂസിനോട് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ ഫലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനികളെ ഗസ്സയിൽ ആട്ടിയോടിപ്പിക്കുകയാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്നും ഉർദുഗാൻ പറഞ്ഞു.
ഹിറ്റ്ലറുടെ കൂട്ടക്കൊലക്ക് വിധേയരായ ജൂതൻമാരാണ് ഇപ്പോൾ ഗസ്സയിൽ വംശഹത്യ നടത്തുന്നത്. ദുരിതത്തിലായ ജൂതൻമാർക്ക് സ്വന്തം ഭൂമി പങ്കുവെക്കാൻ തയാറായവർക്കെതിരെയാണ് ഈ കൂട്ടക്കൊല നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൺ: ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ കൂടി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചു. യു.എൻ പൊതുസഭയുടെ സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചത്. ഫ്രാൻസിന് പുറമേ ബെൽജിയം, ലക്സംബർഗ്, മാൾട്ട, മൊണോക്കോ, അൻഡോറ തുടങ്ങിയ രാജ്യങ്ങളാണ് ഫലസ്തീന് അംഗീകാരം നൽകിയത്.
നേരത്തെ ആസ്ട്രേലിയ, കാനഡ, പോർച്ചുഗൽ, യു.കെ തുടങ്ങിയ രാജ്യങ്ങളും ഫലസ്തീനെ അംഗീകരിച്ചിരുന്നു. സമയം വന്നത് കൊണ്ടാണ് നമ്മൾ ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ പറഞ്ഞു. രണ്ട് രാജ്യങ്ങളിലൂടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയാണ് നമ്മുടെ ലക്ഷ്യമെന്നും മാക്രോൺ പറഞ്ഞു. ഫ്രാൻസ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ 193 അംഗം യു.എൻ പൊതുസഭയിൽ ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 147 ആയി ഉയർന്നു. അന്താരാഷ്ട്ര സമൂഹത്തിൽ 80 ശതമാനവും ഇപ്പോൾ ഫലസ്തീനെ പിന്തുണക്കുന്നുണ്ട്. ഇതോടെ ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ ഇസ്രായേലിനുമേൽ കടുത്ത നയതന്ത്ര സമ്മർദം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ, കൂടുതൽ രാഷ്ട്രങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രംഗത്തെത്തി. ജോർഡൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീനെന്ന രാജ്യം ഇനിയുണ്ടാവില്ലെന്നും ഫലസ്തീൻ രാഷ്ട്രമുണ്ടാക്കണമെന്ന് പറയുന്നത് തീവ്രവാദത്തിന് പ്രോത്സാഹനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വ്യക്തമാക്കി. ഹമാസിനെ തുടച്ചുനീക്കി യുദ്ധലക്ഷ്യം നേടും. ഇറാനിയൻ അച്ചുതണ്ടിനെ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു.
ഇസ്രായേലിന്റെ സഖ്യരാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്. ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളും ഈ വഴിയിലേക്ക് എത്തുകയാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരതയും കൂട്ടക്കൊലയും യൂറോപ്യൻ രാഷ്ട്രങ്ങളിൽ ഇസ്രായേലിനെതിരെ ജനവികാരം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.