ഗസ്സയിൽ വെടിനിർത്തലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ

ഗസ്സ: ഇസ്രായേൽ മനുഷ്യത്വരഹിത ആക്രമണം തുടരുന്നതിനിടെ ഗസ്സയിൽ വെടിനിർത്തലിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഹമാസും ഇസ്രായേലും തമ്മിൽ ഖത്തറിന്‍റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിലാണ് വെടിനിർത്തൽ സാധ്യതകൾ ഉയർന്നത്. വെടിനിർത്തലിലേക്ക് അടുക്കുകയാണെന്ന് ഹമാസ് മേധാവി ഇസ്മായിൽ ഹനിയ്യ പ്രസ്താവനയിൽ അറിയിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേലോ ഹമാസോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല.


അതേസമയം, എന്തൊക്കെ ധാരണകൾ പ്രകാരമാണ് വെടിനിർത്തലെന്ന കാര്യം വ്യക്തമല്ല. വെടിനിർത്തലിന് ഇസ്രായേൽ പച്ചക്കൊടി കാട്ടിയതായി ഇസ്രായേലി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് ദിവസത്തെ വെടിനിർത്തലിനാണ് ധാരണയെന്നും ഹമാസ് ബന്ദിയാക്കിയ സ്ത്രീകളെയും കുട്ടികളെയും വിട്ടുനൽകുമെന്നും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പകരമായി, ഇസ്രായേൽ തടവറയിലുള്ള സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും.


ബന്ദികളുടെ മോചനത്തിന് പ്രഥമപരിഗണന നൽകാത്തതിൽ ഇസ്രായേലിനകത്ത് വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ബന്ദികളുടെ കുടുംബാംഗങ്ങളടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ചും കഴിഞ്ഞദിവസം നടന്നു. ഇതിനു പിന്നാലെയാണ് ഖത്തർ അടക്കം രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ചകൾ വേഗത്തിലാക്കിയത്.


ബന്ദികളുടെ മോചനത്തിന് രാജ്യത്ത് സമ്മർദം ശക്തിപ്രാപിക്കുന്നതിനിടെ ഇസ്രായേൽ യുദ്ധ മന്ത്രിസഭയിൽ ഇതുസംബന്ധിച്ച് വലിയ ഭിന്നതയാണുള്ളത്. ഹമാസിനെ ലക്ഷ്യമിട്ടെന്ന പേരിൽ നടത്തുന്ന ആക്രമണങ്ങൾ ബന്ദികളുടെ ജീവനും എടുക്കുന്നത് വാർത്തയാകുമ്പോഴാണ് ഏതുനിലപാടെടുക്കുമെന്ന വിഷയത്തിലെ ഭിന്നത.

പ്രതിരോധ മ​ന്ത്രി യൊആവ് ഗാലന്റും മുതിർന്ന സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഒരു കാരണവശാലും വെടിനിർത്തൽ അനുവദിക്കില്ലെന്ന നിലപാടിലാണ്. മുൻ പ്രതിരോധമന്ത്രിയും പ്രതിപക്ഷ നേതാവുമായ ബെന്നി ഗാന്റ്സും കൂട്ടരുമാകട്ടെ, ബന്ദികളെ രക്ഷിക്കാൻ എന്തു വിലയും കൊടുക്കണമെന്ന പക്ഷത്തും. നേരത്തെ കടുത്ത നിലപാടുമായി വെടിനിർത്തില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി നെതന്യാഹു ഏതുപക്ഷത്തിനൊപ്പമാണെന്ന് വ്യക്തമല്ലെന്ന് ഇസ്രായേൽ പത്രം ‘ഹാരറ്റ്സ്’ റിപ്പോർട്ട് പറയുന്നു.

അതേസമയം, വെടിനിർത്തൽ ധാരണയിലേക്കടുക്കുമ്പോഴും ഇസ്രായേൽ ഗസ്സയിൽ കനത്ത ആക്രമണം തുടരുകയാണ്. 13,300ലേറെ പേരെയാണ് ഗസ്സയിൽ അധിനിവേശ സൈന്യം കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചകളിൽ വടക്കൻ ഗസ്സയിലായിരുന്നു രൂക്ഷമായ ആക്രമണം നടത്തിയതെങ്കിൽ ഇപ്പോൾ തെക്കൻ ഗസ്സയിലേക്കും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. 

Tags:    
News Summary - Hamas chief says close to truce agreement with Israel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.