ജിദ്ദ: അനുമതിയില്ലാതെ ഹജ്ജിനെത്തിയ 1,59,188 പേരെ തിരിച്ചയച്ചെന്നും 83 വ്യാജ ഹജ്ജ് സേവന സ്ഥാപനങ്ങളെ കണ്ടെത്തി നിയമനടപടി സ്വീകരിച്ചെന്നും പൊതുസുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി തലവനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസാമി പറഞ്ഞു. മക്കയിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ സുരക്ഷ സേന മേധാവികളുടെ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹജ്ജ് ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ മക്കയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ചുകഴിഞ്ഞ 5,868 പേരെയും മതിയായ രേഖയില്ലാതെ ഹജ്ജിന് ആളുകളെ കൊണ്ടുവന്ന ഒമ്പതു ഡ്രൈവർമാരെയും പിടികൂടിയിട്ടുണ്ട്. 1,18,000 വാഹനങ്ങൾ മക്ക പ്രവേശന കവാടങ്ങളിൽനിന്ന് തിരിച്ചയച്ചതായും അദ്ദേഹം വ്യക്തമാക്കി.സുരക്ഷ, ട്രാഫിക് വിഭാഗം സജ്ജമാണ്. എല്ലാത്തരം സുരക്ഷ കേസുകൾ നിരീക്ഷിക്കുന്നതിനും വേഗത്തിലുള്ള നിരീക്ഷണം ഉറപ്പാക്കാനും അവക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കാനും ഫീൽഡ് സെക്യൂരിറ്റി സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങൾ തടയാനും പോക്കറ്റടി പോലുള്ള കുറ്റകൃത്യങ്ങൾ തടയാനും പുണ്യസ്ഥലങ്ങളിൽ നിരീക്ഷണമുണ്ടാകും. മക്കയിലേക്ക് എത്തുന്ന കവാടങ്ങളിലും റോഡുകളും സുരക്ഷാസേനകൾ രംഗത്തുണ്ട്. കാൽനടക്കാരുടെ പോക്കുവരവുകൾ എളുപ്പമാക്കാൻ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് സുരക്ഷയെയും അതിന്റെ ക്രമത്തെയും ബാധിക്കുന്ന എല്ലാ ലംഘനങ്ങളും തടയുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.