ന്യൂയോർക്ക്: എച്ച്-1ബി വിസ നിരക്ക് കുത്തനെ ഉയർത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യു.എസ് നിക്ഷേപകനും ശതകോടീശ്വരനുമായ മൈക്കിള്‍ മോറിറ്റ്‌സ്. ട്രംപിന്റെ നയം തിരിച്ചടിക്കുമെന്നും അമേരിക്കന്‍ ടെക് മുന്നേറ്റത്തിന് ചാലക ശക്തിയെ പറ്റി ഭരണകൂടത്തിന് അറിവില്ലെന്ന് വ്യക്തമാക്കുന്നതാണ് നടപടിയെന്നും മോറിറ്റ്സ് ചൂണ്ടിക്കാട്ടി. ഗൂഗിള്‍, പേപാല്‍ തുടങ്ങിയ ടെക് കമ്പനികളിലെ നിക്ഷേപങ്ങളിലൂടെ ആധുനിക ടെക് വ്യവസായത്തെ രൂപപ്പെടുത്താന്‍ സഹായിച്ച നിക്ഷേപകനാണ് മൈക്കിള്‍ മോറിറ്റ്‌സ്.
ട്രംപിന്റെ ‘എച്ച്-1ബി സാഹസം’ തിരിച്ചടിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ലേഖനത്തില്‍ മോറിറ്റ്‌സ് മുന്നറിയിപ്പ് നല്‍കുന്നു. വിദേശ തൊഴിലാളികളെ യു.എസിലേക്ക് കൊണ്ടുവരുന്നത് ഒഴിവാക്കിയാൽ ജോലികള്‍ വിദേശത്തേക്ക് മാറ്റാന്‍ കമ്പനികള്‍ക്ക് ഇന്നത്തെ സാങ്കേതിക മുന്നേറ്റത്തിൽ എളുപ്പമാണ്. യു.എസ് സാങ്കേതികവിദ്യയിൽ വലിയ പുരോഗതിയുണ്ടായത് എങ്ങിനെയാണെന്നും എന്തുകൊണ്ടാണെന്നും പ്രസിഡന്റിനും അദ്ദേഹത്തിന്റെ അനുയായികള്‍ക്കുമുള്ള ധാരണാക്കുറവാണ് നിലവിലെ നടപടികളും നയവും വ്യക്തമാക്കുന്നത്.
കിഴക്കന്‍ യൂറോപ്പ്, തുര്‍ക്കി, ഇന്ത്യ എന്നിവിടങ്ങളിലെ മികച്ച സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദധാരികളായ എഞ്ചിനീയര്‍മാര്‍ അവരുടെ അമേരിക്കന്‍ സഹപ്രവര്‍ത്തകരെപ്പോലെ തന്നെ കഴിവുള്ളവരാണ്. അവര്‍ ചെയ്യുന്ന ജോലികളില്‍ ഭൂരിഭാഗവും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചെയ്യുന്ന അത്രയും എളുപ്പത്തില്‍ ഇസ്താംബുള്‍, ടാലിന്‍, വാര്‍സോ, പ്രാഗ് അല്ലെങ്കില്‍ ബെംഗളൂരു എന്നിവിടങ്ങളിലും ചെയ്യാന്‍ കഴിയും.
വലിയ ടെക് കമ്പനികള്‍ വിദേശ പൗരന്മാരെ നിയമിക്കുന്നത് അവര്‍ക്ക് പ്രത്യേക കഴിവുകള്‍ ഉള്ളതുകൊണ്ടാണ്. യുഎസില്‍ ജീവനക്കാരുടെ ക്ഷാമമുള്ള മേഖലകളിലെ ജോലികള്‍ ചെയ്യാന്‍ അവരെ നിലനിര്‍ത്തണം. കമ്പനികള്‍ എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നത് അമേരിക്കക്കാര്‍ക്ക് ജോലി നിഷേധിക്കാനോ ചെലവ് ചുരുക്കാനോ അല്ല.
ട്രംപിന്റെ അടുത്ത നീക്കത്തെ ഭയന്ന് കമ്പനികള്‍ അവരുടെ നയങ്ങള്‍ മാറ്റിയേക്കാം. ഇതിനര്‍ത്ഥം യു.എസിന് പകരം മറ്റൊരു വിദേശ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം ലഭിക്കും എന്നാണ്. ഇത് അമേരിക്കയ്ക്ക് ഒരു പുതിയ തലമുറ സംരംഭകരെ നഷ്ടപ്പെടുത്തും.
കാരണം എച്ച്-1ബി വിസ ഉള്ളവരില്‍ ഏറ്റവും കഴിവുള്ളവര്‍ പലപ്പോഴും സ്വന്തമായി കമ്പനികള്‍ തുടങ്ങാറുണ്ട്. യുഎസിലെ ഏറ്റവും മികച്ച രണ്ട് ചീഫ് എക്‌സിക്യൂട്ടീവുകളായ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ലയും ഗൂഗിളിന്റെ സുന്ദര്‍ പിച്ചൈയും ഇവിടെയുള്ളത് മുന്‍ ഭരണകൂടങ്ങളുടെ നിലപാടുകള്‍ കാരണമാണെന്നും മൈക്കിള്‍ മോറിറ്റ്‌സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.