ഗസ്സയിൽ പ്രവേശിച്ചതായി ഇസ്രായേൽ സൈന്യം; ആക്രമണത്തിന് അറുതിയില്ല, പുറംലോകവുമായി ബന്ധം മുറിഞ്ഞ് ഗസ്സ

ഗസ്സ സിറ്റി: ഗസ്സയെ കുരുതിക്കളമാക്കി വ്യോമാക്രമണം തുടരുന്നതിനിടെ, കരയുദ്ധത്തിന് തുടക്കമിട്ട് വടക്കൻ ഗസ്സയിൽ പ്രവേശിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. യുദ്ധ ടാങ്കുകൾ ഉൾപ്പെടെ മേഖലയിലേക്ക് പ്രവേശിക്കുന്ന ദൃശ്യങ്ങൾ സൈന്യം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. വിവിധ സേനാവിഭാഗങ്ങൾ വ്യോമാക്രമണത്തിന്‍റെ പിന്തുണയോടെ ഗസ്സയിൽ കടന്നതായി ഇസ്രായേൽ സൈനിക വക്താവ് ഡാനിയേൽ ഹഗാരി പറഞ്ഞു.

യുദ്ധം ആരംഭിച്ച് 22ാം ദിനത്തിലേക്ക് കടന്നപ്പോൾ മനുഷ്യ മനസ്സാക്ഷി മരവിക്കുന്ന ദൃശ്യങ്ങളാണ് ഗസ്സയിൽ നിന്ന് വരുന്നത്. ഗസ്സയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രായേൽ സൈന്യത്തിന്‍റെ കൂട്ടക്കുരുതി. യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് ഇന്നലെ രാത്രിയുണ്ടായത്. നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു. വാർത്താവിനിമയ, വൈദ്യുതി സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ ഗസ്സക്ക് പുറംലോകവുമായി ബന്ധമറ്റു. മരണസംഖ്യപോലും കണക്കാക്കാനാവാത്ത ആക്രമണമാണ് ഗസ്സക്ക് മേൽ തുടരുന്നത്.

 

അർധരാത്രിയോടെയാണ് ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചത്. ഇരച്ചെത്തിയ ഇസ്രായേൽ യുദ്ധവിമാനങ്ങൾ വർഷിച്ച ബോംബുകൾ നൂറുകണക്കിന് കെട്ടിടങ്ങൾ തകർത്തു. കര-വ്യോമ-കടൽ മാർഗങ്ങളിലൂടെ ആക്രമണം തുടർന്നു. വാർത്താവിനിമയ-ഇന്‍റർനെറ്റ് സൗകര്യങ്ങൾ പൂർണമായും തകർത്തതോടെ പരിക്കേറ്റവരുടെ ലൊക്കേഷൻ പോലും സന്നദ്ധപ്രവർത്തകർക്കും ആംബുലൻസുകൾക്കും ലഭിക്കാതായി. ചാമ്പലായ കെട്ടിടങ്ങളുടെയും കുന്നുകൂടിയ മൃതദേഹങ്ങളുടെയും നിലക്കാത്ത രോദനങ്ങളുടെയും നാടായി ഗസ്സ മാറി.

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടനയുടെ പ്രവർത്തകർ ഉൾപ്പെടെ നിരവധി സന്നദ്ധ പ്രവർത്തകർ ഗസ്സയിൽ കൊല്ലപ്പെട്ടവരിലുൾപ്പെടും. ഗസ്സയിലെ മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പുപറയാനാകില്ലെന്ന് അന്താരാഷ്ട്ര ഏജൻസികളായ റോയിട്ടേഴ്സിനോടും എ.എഫ്.പിയോടും ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Ground battles in Gaza as Israeli jets bomb tunnels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.