കടപ്പാട്: TASS / Future-Image via ZUMA Press

റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി ആഗോള മാധ്യമങ്ങൾ

ന്യൂയോർക്ക്: റഷ്യൻ സർക്കാർ സ്വതന്ത്ര മാധ്യമപ്രവർത്തനം ക്രിമിനൽ കുറ്റമാക്കിയതിനെത്തുടർന്ന് റഷ്യയിൽ പ്രവര്‍ത്തനം നിര്‍ത്തി ആഗോള വാർത്ത മാധ്യമങ്ങൾ. ബി.ബി.സി, സി.എന്‍.എൻ, ബ്ലൂംബെര്‍ഗ് ന്യൂസ്, എ.ബി.സി ന്യൂസ്, സി.ബി.എസ് ന്യൂസ് (കനേഡിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ) എന്നിവ റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തി. പല മാധ്യമങ്ങളും സുരക്ഷഭീഷണിയുണ്ടെന്ന് വിലയിരുത്തി റഷ്യയിലുള്ള മാധ്യമപ്രവർത്തകരുടെ ബൈലൈനുകളും നീക്കി. പേയ്മെന്റ് കമ്പനിയായ പേപാൽ ശനിയാഴ്ച റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ചു.

റഷ്യയിലെ പ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചെന്ന് ബി.ബി.സിയും ബ്ലൂംബെർഗും അറിയിച്ചു. ബി.ബി.സി റഷ്യയുടെ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം റഷ്യ നേരത്തേ തടഞ്ഞിരുന്നു. ജീവനക്കാരുടെ സുരക്ഷ പരമപ്രധാനമാണെന്ന് ചൂണ്ടിക്കാട്ടി റഷ്യയില്‍ തുടരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ്സ്റ്റാഫുകള്‍ക്കും പ്രവര്‍ത്തനം നിര്‍ത്താന്‍ ബി.ബി.സി നിര്‍ദേശം നല്‍കി. എന്നാല്‍ റഷ്യന്‍ ഭാഷയിലുള്ള ബി.ബി.സി ന്യൂസ് റഷ്യക്ക് പുറത്തു നിന്ന് സംപ്രേഷണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

റഷ്യയിൽ സ്വതന്ത്ര മാധ്യമപ്രവർത്തനം ക്രിമിനൽ കുറ്റമാക്കുന്ന നിയമനിർമാണത്തിൽ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഒപ്പുവെച്ചത് വെള്ളിയാഴ്ചയാണ്.

'വ്യാജ' വാര്‍ത്തകള്‍ക്ക് 15 വർഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ് നിയമം. വാര്‍ത്തകളുടെ രീതിയനുസരിച്ച് ജയില്‍ ശിക്ഷയിലും പിഴയിലും വ്യത്യാസമുണ്ടാവുമെന്നും നിയമത്തില്‍ പറയുന്നു. യുക്രെയ്നിലെ റഷ്യൻ ആക്രമണങ്ങള്‍ പുറത്തുവരാതിരിക്കാനാണ് പുതിയ നിയമം എന്നാണ് വിമര്‍ശനം.

റഷ്യയില്‍ നിന്നുള്ള ചിത്രങ്ങൾക്ക് അമേരിക്കന്‍ ഓണ്‍ലൈന്‍ സ്ട്രീമിങ് ഭീമനായ നെറ്റ്ഫ്ലിക്സ് വിലക്കേര്‍പ്പെടുത്തി. ഇനി റഷ്യൻ വിഡിയോകൾ പ്രദര്‍ശിപ്പിക്കില്ലെന്നാണ് തീരുമാനം. ഭാവി പ്രോജക്ടുകളും കമ്പനി നിര്‍ത്തിവെച്ചു. തന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഉപഗ്രഹ ഇന്റർനെറ്റ് വിഭാഗമായ സ്റ്റാർലിങ്ക് റഷ്യൻ വാർത്ത ഉറവിടങ്ങളെ തടയില്ലെന്ന് ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് അറിയിച്ചു.

യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബി.ബി.സി, ജർമൻ മാധ്യമ സ്ഥാപനമായ ഡോയിഷ് വെല്ലെ എന്നിവയുൾപ്പെടെ നിരവധി വിദേശ വാർത്ത വെബ്‌സൈറ്റുകൾക്ക് റഷ്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റഷ്യ ടുഡേ, സ്പുട്‌നിക്, തുടങ്ങിയ സർക്കാർ നിയന്ത്രിത മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ആരോപിച്ച് റഷ്യ ഫേസ്ബുക്കിനെയും തടഞ്ഞു.

യൂറോപ്യൻ യൂനിയനിൽ ഉടനീളമുള്ള വാർത്ത സ്ഥാപനങ്ങൾക്ക് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റാ ഇതിനകം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ റഷ്യൻ ഉപരോധത്തെത്തുടർന്ന് അന്താരാഷ്ട്ര കാര്‍ഡ് കമ്പനികളായ വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ് എന്നിവ റഷ്യയിലെ ബാങ്കുകളുമായുള്ള ഇടപാടുകളില്‍നിന്ന് പിന്മാറിയിരുന്നു.

Tags:    
News Summary - Global media ceased operations in Russia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.