ന്യൂഡല്‍ഹി: ഇന്ത്യൻ തൊഴിലാളികളെ സ്വാഗതം ചെയ്ത് ജർമനി. ഇന്ത്യയിലെ ജര്‍മന്‍ സ്ഥാനപതി ഡോ. ഫിലിപ്പ് അക്കേര്‍മാനാണ് ഇന്ത്യക്കാരെ ജർമനിയിലേക്ക് സ്വാഗതം ചെയ്ത് തൊഴിലവസരങ്ങൾ വിശദീകരിക്കുന്ന വീഡിയോ സഹിതം സമൂഹമാധ്യമത്തിൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. യു.എസ് എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം പുകയുന്നതിനിടെയാണ് ജർമനി നിലപാട് വ്യക്തമാക്കുന്നത്.
സ്ഥിരമായ കുടിയേറ്റ നയങ്ങള്‍കൊണ്ടും ഐ.ടി, മാനേജ്‌മെന്റ്, സയന്‍സ്, ടെക് മേഖലകളിലെ തൊഴിലവസരങ്ങള്‍ കൊണ്ടും ഇന്ത്യക്കാരെ സംബന്ധിച്ച് ജര്‍മനി വേറിട്ടുനില്‍ക്കുന്ന രാജ്യമാണെന്ന് ഡോ. ഫിലിപ്പ് അക്കേര്‍മാന്‍ എക്സിലെ കുറിപ്പിൽ പറഞ്ഞു.
‘ജര്‍മനിയില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരേക്കുറിച്ച് സംസാരിക്കാനുള്ള നല്ല സമയമാണിത്. ജര്‍മനിയില്‍ കൂടുതല്‍ സമ്പാദിക്കുന്നവരില്‍ ഇന്ത്യക്കാരുമുണ്ട്. ഇവിടെ ജോലിചെയ്യുന്ന ശരാശരി ഇന്ത്യക്കാരന്‍ ശരാശരി ജര്‍മന്‍ തൊഴിലാളിയെക്കാള്‍ കൂടുതല്‍ വരുമാനം നേടുന്നു. ജർമൻ സമൂഹത്തിനും അതിന്റെ ക്ഷേമത്തിനും ഇന്ത്യക്കാര്‍ വലിയ സംഭാവന നല്‍കുന്നുവെന്നാണ് ഇതിന്റെ അര്‍ഥം.
ഞങ്ങള്‍ കഠിനാധ്വാനത്തിലും മികച്ച ആളുകള്‍ക്ക് മികച്ച ജോലികള്‍ നല്‍കുന്നതിലും വിശ്വസിക്കുന്നു. ഞങ്ങളുടെ കുടിയേറ്റ നയം ഒരു ജര്‍മന്‍ കാറിനെപ്പോലെയാണ്. അത് വിശ്വസനീയവും ആധുനികവുമാണ്. അതിന് കൃത്യമായ സഞ്ചാര പാതയുണ്ട്. ഉയര്‍ന്ന വേഗത്തില്‍ പോകുമ്പോള്‍ പൊടുന്നനെ ബ്രേക്കിടേണ്ടിവരുമെന്ന് ഭയപ്പെടേണ്ടതില്ല. ഒരുരാത്രികൊണ്ട് ഞങ്ങള്‍ നിയമങ്ങള്‍ മാറ്റില്ല. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യക്കാരെ ജര്‍മനിയിലേക്ക് സ്വാഗതംചെയ്യുന്നു,’ - ഡോ. ഫിലിപ്പ് അക്കേര്‍മാൻ വീഡിയോസന്ദേശത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.