ഗസ്സ സിറ്റി: ഗസ്സയിലെ വസീം മുസ്തഫയ്ക്ക് നാലു മക്കളാണ്. നാലുപേരും രണ്ടാഴ്ചയിലേറെയായി സ്കൂളിൽ പോയിട്ടില്ല. കണക്കും ഭൂമിശാസ്ത്രവും പഠിക്കേണ്ടതിന് പകരം കുട്ടികൾ ഇപ്പോൾ പഠിക്കുന്നത് കിട്ടുന്ന വെള്ളം എങ്ങിനെ പങ്കുവെക്കാമെന്നതാണ്.
'ദിവസവും രാവിലെ ഒരു കുപ്പി വെള്ളം ഞാൻ മക്കൾക്ക് നൽകും. ഇത് കൊണ്ട് ഒരു ദിവസം കഴിക്കണമെന്ന് അവരോട് പറയും. തുടക്കത്തിൽ അവർക്ക് അത് വലിയ പ്രയാസമായിരുന്നു. എന്നാൽ ഇപ്പോൾ സാഹചര്യം ശീലമായിക്കഴിഞ്ഞു' -വസീം മുസ്തഫ പറയുന്നു.
ഗസ്സയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം അന്ത്യശാസനം നൽകിയതിന് പിന്നാലെ വസീം മുസ്തഫ ഭാര്യയെയും എട്ട് മുതൽ 15 വരെ പ്രായമുള്ള മക്കളെയും കൂട്ടി ഖാൻ യൂനിസിലെ അമ്മായിയുടെ വീട്ടിലേക്ക് മാറിയതാണ്. വടക്കൻ ഗസ്സയിൽ നിന്ന് 11 ലക്ഷം പേരോട് നിർദയം നാടൊഴിഞ്ഞ് പോകാൻ ഇസ്രായേൽ ഭീഷണിപ്പെടുത്തിയപ്പോൾ ഖാൻ യൂനിസിലെ ബന്ധുക്കളാണ് അവർക്ക് വാതിൽ തുറന്നുകൊടുത്തത്.
ഗസ്സയാകെ കടുത്ത മാനുഷിക ദുരന്തമുഖത്താണെന്ന് സന്നദ്ധ സംഘടനയായ ഒക്സ്ഫാമിന്‍റെ കുടിവെള്ള-ശുചീകരണ ചുമതലയുള്ള ഓഫിസർ മുസ്തഫ ചൂണ്ടിക്കാട്ടുന്നു. 'ആളുകൾ തെരുവുകളിലും കടകളിലും പള്ളികളിലും റോഡിലും കാറുകളിലും ഉറങ്ങുന്ന കാഴ്ചയാണ് കാണുന്നത്' -അദ്ദേഹം പറഞ്ഞു. മുസ്തഫയുടെ കുടുംബം ഉൾപ്പെടെ 100ഓളം പേർ 200 ചതുരശ്ര മീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു അപ്പാർട്ട്മെന്‍റിലാണ് ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്.
ഗസ്സയിലെ കടകളിൽ നിന്നെല്ലാം വ്യക്തിശുചിത്വത്തിനുള്ള ഉൽപ്പന്നങ്ങൾ അപ്രത്യക്ഷമായിക്കഴിഞ്ഞു. കുടിവെള്ള ശുദ്ധീകരണശാലകൾ ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. ചെറുകിടക്കാർ കുടിവെള്ളം സൗരോർജ യന്ത്രങ്ങളുടെ സഹായത്തോടെ ശുദ്ധീകരിച്ച് വിൽക്കുന്നുണ്ട്. എന്നാൽ, ഇതിന് വില ഇരട്ടിയായി.
കുടിവെള്ളത്തിന്‍റെയും ശുചീകരണ സൗകര്യങ്ങളുടെയും കുറവ് കോളറ ഉൾപ്പെടെയുള്ള സാംക്രമിക രോഗങ്ങളുടെ കടന്നുവരവിന് കാരണമാകുമെന്ന് യു.എന്നും ഓക്സ്ഫാമും മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ വൈദ്യുതിയും ഇന്ധനവും നിഷേധിച്ചതിന് പിന്നാലെ ഗസ്സയിലുണ്ടായിരുന്ന 65 സീവേജ് പമ്പിങ് സ്റ്റേഷനുകളും അഞ്ച് മലിനജന ശുദ്ധീകരണ ശാലകളും അടച്ചുപൂട്ടേണ്ടിവന്നു. മാലിന്യം ഇപ്പോൾ നേരെ കടലിലേക്കൊഴുകുന്ന സാഹചര്യമാണ്. ഖരമാലിന്യങ്ങളെല്ലാം തെരുവുകളിൽ കുമിഞ്ഞുകൂടുന്നു.
കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്‍റുകളൊന്നും ഗസ്സയിൽ പ്രവർത്തിക്കുന്നില്ല. പലരും ജീവൻ നിലനിർത്താൻ ശുദ്ധീകരിക്കാത്ത കടൽവെള്ളം കുടിക്കാൻ നിർബന്ധിതരാവുകയാണ്.
ഗസ്സയിൽ നിലവിൽ ഒരാൾക്ക് പ്രതിദിനം മൂന്ന് ലിറ്റർ വെള്ളം മാത്രമേ എല്ലാ ആവശ്യങ്ങൾക്കുമായി ലഭ്യമാകുന്നുള്ളൂവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കുടിക്കാനും കുളിക്കാനും ഭക്ഷണം പാകംചെയ്യാനും ടോയ്‍ലെറ്റിൽ ഉപയോഗിക്കാനും ഈ വെള്ളം വേണം. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഒരാൾക്ക് പ്രതിദിനം 50 മുതൽ 100 ലിറ്റർ വെള്ളം വരെയാണ് ശരാശരി ഉപയോഗത്തിന് ആവശ്യം. എന്നാൽ, ഗസ്സയിൽ ലഭിക്കുന്നതാകട്ടെ വെറും മൂന്ന് ലിറ്റർ മാത്രം.
ഖാൻ യൂനിസിലെ സന്നദ്ധ സംഘടനയായ ഇസ്ലാമിക് റിലീഫിലെ അംഗം പറയുന്നത് ഇങ്ങനെ -'എന്‍റെ മാതാപിതാക്കളുടെ വീട്ടിൽ 20 കുട്ടികളും ഏഴ് മുതിർന്നവരുമാണ് കഴിയുന്നത്. വെള്ളം കിട്ടാത്തതാണ് വലിയ പ്രശ്നം. വെള്ളം മിച്ചംപിടിക്കാനായി ദിവസവും രാവിലെയും രാത്രിയും ഓരോ പ്രാവശ്യം മാത്രമാണ് ടോയ്‍ലെറ്റ് ഫ്ലഷ് ചെയ്യാറ്. കുറഞ്ഞ വെള്ളം ഉപയോഗിച്ചാണ് പാചകം. പ്രാർഥനക്കായി ദിവസം ഒരുനേരം മാത്രം അംഗശുദ്ധി വരുത്തും. അയൽക്കാരന്‍റെ പറമ്പിൽ കിണറുണ്ട്. എന്നാൽ മോട്ടോർ പമ്പ് ചെയ്യാൻ വൈദ്യുതിയോ ഇന്ധനമോ ഇല്ല' -അവർ പറഞ്ഞു.
തെരുവുകളിൽ കഴിയുന്നവരുടെ അവസ്ഥയാണ് ഏറെ ദയനീയം. സംരക്ഷണമോ വെള്ളമോ ഭക്ഷണമോ ഇല്ലാതെയും ഒരു തണലുമില്ലാതെയും നവജാതശിശുക്കളടക്കം പുറത്ത് കഴിയുകയാണ്. നിർജലീകരണവും ജലജന്യ രോഗങ്ങളും ഏതുസമയത്തും ഇവരിൽ പടർന്നുപിടിക്കാമെന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.