ആഘോഷങ്ങളില്ലാതെ ഗസ്സയിലെ ക്രൈസ്തവ വിശ്വാസികൾ

ഗസ്സ സിറ്റി: ലോകമെമ്പാടുമുള്ള ക്രൈസ്തവർ യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഈസ്റ്റർ ആഘോഷിക്കുമ്പോൾ, ഗസ്സയിലെ  ക്രൈസ്തവ സമൂഹം കണ്ണീരിലും പ്രാർത്ഥനയിലുമായി ഈസ്റ്റർ പിന്നിടുന്നു. ഇസ്രായേൽ തുടരുന്ന വംശഹത്യക്കും പട്ടിണിക്കുമിടയിൽ ആഘോഷങ്ങളല്ല അതിജീവനത്തിനായുള്ള പ്രാർത്ഥനകളാണ് ഗസയിലെ പള്ളികളിൽ മുഴങ്ങുന്നത്.

ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 72,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഗസയിലെ പുരാതനമായ ക്രൈസ്തവ സമൂഹത്തിലെ നിരവധി അംഗങ്ങളും ഉൾപ്പെടുന്നു. രണ്ടായിരം വർഷത്തിലേറെയായി ഗസയിൽ അധിവസിക്കുന്ന ക്രൈസ്തവരുടെ എണ്ണം നിലവിൽ ആയിരത്തിൽ താഴെയായി ചുരുങ്ങിയിരിക്കുകയാണ്. ഭക്ഷണങ്ങളുടെ ദൗർലഭ്യവും കടുത്ത വിലക്കയറ്റവും കാരണം പാരമ്പര്യമായി നടത്തിവരാറുള്ള ഈസ്റ്റർ വിരുന്നുകളും ഇത്തവണ മുടങ്ങി. വൈദ്യുതിയും വെള്ളവും ഇന്ധനവുമില്ലാതെ ഇരുട്ടിലായ നഗരത്തിൽ കുട്ടികൾക്കായി പാർക്കുകളോ മറ്റ് വിനോദസൗകര്യങ്ങളോ അവശേഷിക്കുന്നില്ല.

ഗസ്സയിലെ ഏക കത്തോലിക്കാ പള്ളിയായ 'ഹോളി ഫാമിലി' ചർച്ച് പലതവണ ആക്രമിക്കപ്പെട്ടു. നിരവധി പേരാണ് പള്ളി പരിസരത്ത് കൊല്ലപ്പെട്ടത്. സെന്റ് പോർഫിറിയസ് ചർച്ചിലും നിരവധി വിശ്വാസികൾ അഭയം തേടിയിട്ടുണ്ട്. ഇസ്രായേൽ നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി വിശുദ്ധ നഗരമായ ജറുസലേമിലെത്തി പ്രാർത്ഥനകൾ നടത്താൻ ഇവർക്ക് സാധിച്ചിട്ടില്ല. രാഷ്ട്രീയ അജണ്ടകൾ എന്തുതന്നെയായാലും ഇസ്രായേൽ അധിനിവേശത്തിന് മുന്നിൽ ഫലസ്തീനിലെ മുസ്‍ലിംങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ഇരകളാക്കപ്പെടുകയാണെന്ന് ഗസ്സയിലെ ജനങ്ങൾ പറയുന്നു. തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യാൻ വിസമ്മതിച്ച് പള്ളികളിൽ അഭയം പ്രാപിച്ച വൃദ്ധരും സ്ത്രീകളും പട്ടിണിയോടും തണുപ്പിനോടും മല്ലിട്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. വിശ്വാസികൾ അതിജീവനത്തിനായി കാത്തിരിക്കുമ്പോഴും പ്രിയപ്പെട്ടവരുടെ വേർപാടും തകർക്കപ്പെട്ട വീടുകളും ഈ ഈസ്റ്റർ ദിനത്തിലും ഗസ്സയിലെ ക്രൈസ്തവരുടെ മനസ്സിൽ മായാത്ത മുറിവായി അവശേഷിക്കുന്നു.

Tags:    
News Summary - Gaza's Christians observe festivities without celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.