ഗസ്സ സിറ്റി: 11 ദിവസത്തെ കിരാതമായ ആക്രമണങ്ങൾക്കൊടുവിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ പിന്മാറുേമ്പാൾ ഗസ്സ നഗരത്തിലെ തങ്ങളുടെ തരിപ്പണമായ കിടപ്പാടങ്ങളിലേക്ക് മടങ്ങിയെത്തുകയാണ് പ്രദേശവാസികൾ. വ്യാഴാഴ്ച അർധരാത്രി രണ്ടുമണിയോടെ ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോൾ തന്നെ ഗസ്സയിൽ ആഘോഷം തുടങ്ങിയിരുന്നു. ചെറിയ പെരുന്നാൾ ദിനത്തിൽപോലും ആക്രമണം അരങ്ങേറിയിരുന്നതിനാൽ, തങ്ങൾക്ക് ഇന്നാണ് പെരുന്നാൾ എന്ന മുദ്രാവാക്യത്തോടെയാണ് ആളുകൾ തെരുവിലിറങ്ങിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തിരികെ താമസസ്ഥലങ്ങളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.
ഇസ്രായേലിെൻറ ആക്രമണത്തിൽ 243 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിൽ 66ഉം കുട്ടികളായിരുന്നു. കൊല്ലപ്പെട്ടവരിൽ ഗർഭിണികളുമുണ്ട്. ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ തിരിച്ചടികളിൽ രണ്ട് കുട്ടികൾ അടക്കം 12 പേർ കൊല്ലപ്പെട്ടു. 46 വിദ്യാലയങ്ങൾ അടക്കം 51 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗസ്സയിൽ ഇസ്രായേലിെൻറ ബോംബിങ്ങിൽ തകർന്നിട്ടുണ്ട്. ഗസ്സ ഇസ്ലാമിക സർവകലാശാലയും തകർത്തവയിൽപെടും. ആറ് ആശുപത്രികളിലും 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇസ്രായേൽ ബോംബ് വർഷിച്ചിരുന്നു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്നും ഏതാനും മൃതദേഹങ്ങൾ കൂടി കണ്ടുകിട്ടിയിട്ടുണ്ട്. ഗസ്സ മുനമ്പിലെ യു.എന്നിന് കീഴിൽ പ്രവർത്തിക്കുന്ന 58 സ്കൂളുകളിലായി 60000ത്തിലധികം അഭയാർഥികൾ ഇപ്പോഴും കഴിയുന്നുണ്ട്. തകർന്ന കിടപ്പാടങ്ങൾക്കരികിലേക്ക് സർവവും നഷ്ടപ്പെട്ട ഹതഭാഗ്യരുടെ മടങ്ങിവരവിനാണ് കഴിഞ്ഞ ദിവസം ലോകം സാക്ഷ്യം വഹിച്ചത്.
ചൈനയിൽനിന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ സഹായം അടക്കം ഗസ്സയിലേക്ക് എത്തിയിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇസ്രായേലിനെതിരെയുള്ള പ്രതിഷേധങ്ങൾ അവസാനിച്ചിട്ടില്ല. ജപ്പാനിൽ ടോക്യോയിലെ ഇസ്രായേൽ എംബസിക്ക് സമീപം ഫലസ്തീൻ ഐക്യദാർഢ്യവുമായി നൂറുകണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.