ഗസ്സ: വിശപ്പടക്കാൻ സഹായപ്പൊതികൾക്ക് കാത്തുനിൽക്കവേ ഇസ്രായേൽ അധിനിവേശ സേന വെടിവെച്ചു കൊന്ന ഗസ്സക്കാരുടെ എണ്ണം 400 ആയി. ഗസ്സ സിറ്റിയിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ ഇന്ന് രാവിലെ സഹായത്തിനായി കാത്തുനിന്നവർക്ക് നേരെ നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, ഫെബ്രുവരി അവസാനം തുടങ്ങിയ ഈ ക്രൂരകൃത്യത്തിൽ ഇതുവരെ 400 ലധികം ആളുകൾ കൊല്ലപ്പെട്ടതായി ഗസ്സ മീഡിയ ഓഫിസ് അറിയിച്ചു.
പിഞ്ചുകുഞ്ഞുങ്ങളുടെയടക്കം വിശപ്പകറ്റാൻ കാത്തുനിൽക്കുന്നവരെയാണ് ഇസ്രായേൽ സേന ലക്ഷ്യം വെക്കുന്നത്. ക്ഷാമവും നിർജലീകരണവും പട്ടിണിയും മൂലം ആളുകൾ മരിക്കുന്നതിന്റെ വാർത്ത പുറത്തുവരുന്നതിനിടെയാണ് സഹായ ട്രക്കുകൾക്കായി കാത്തിരിക്കുന്നവരെ വെടിവെച്ചിടുന്നത്.
ഇന്ന് രാവിലെ കുവൈത്ത് റൗണ്ട് എബൗട്ടിൽ ആളുകൾ ഭക്ഷണപ്പൊതികൾക്കായി കാത്തുനിൽക്കവേ, ചുറ്റും നിലയുറപ്പിച്ചിരുന്ന ഇസ്രായേലി ടാങ്കുകളിൽനിന്ന് പ്രകോപനമില്ലാതെ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ 25 ഓളം പേരെ അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 31,184 ആയി. 72,889 പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ ആക്രമണത്തിൽ 72 ഫലസ്തീനികൾ കൊല്ലപ്പെടുകയും 129 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോഷകാഹാരക്കുറവും നിർജലീകരണവും മൂലം മരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നതായും മന്ത്രാലയം അറിയിച്ചു.
````````````````
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.